തോമസ് ചെറിയാന്‍ കെ
തിരുവനന്തപുരം: ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശവനിത ലിഗയുടെ മൃതദ്ദേഹം കോവളത്ത് കണ്ടല്‍ കാടുകളില്‍ നിന്നും കണ്ടെടുത്ത ശേഷം ഒരു നിമിഷം പോലും വിശ്രമമില്ലാതെയാണ് കേരള പൊലീസ് അന്വേഷണം നടത്തിയത്. ഫലമോ പത്താം ദിനം പ്രതികള്‍ പിടിയില്‍. അന്വേഷണത്തെ സാരമായി ബാധിക്കുന്ന വിധത്തിലായിരുന്നു ലിഗയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ഒരു മാസത്തിലേറെ പഴക്കത്തോടെ അഴുകി ദ്രവിച്ച് ശാസ്ത്രീയ തെളിവുകളുടെ ശേഖരണം അപ്രാപ്യമെന്ന് തോന്നിയ ഘട്ടത്തിലും പതറാതെ സംഭവസ്ഥലത്തു നിന്നും പരമാവധി തെളിവു ശേഖരിക്കാന്‍ കേരള പൊലീസ് കഠിനാധ്വാനം നടത്തി.
തെളിവുകളുടെ കൂട്ടത്തില്‍ നിന്ന് ഒരു മുടിനാരിഴ പോലും വിട്ടു പോയില്ല എന്നത് അഭിമാനത്തോടെ തന്നെ കേരള പൊലീസ് പറയുന്നു. കൃത്യമായ തെളിവു ശേഖരണത്തില്‍ പ്രതികളുടെ കാല്‍പാടുകള്‍, മുടിയിഴകള്‍ എന്നിവ കിറുകൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞത് പൊലീസിന്‌റെ അന്വേഷണ മികവിന് ഉദാഹരണമാണ്. വിഷമേറിയ പാമ്പുകള്‍ ഉള്‍പ്പടെയുള്ള ഈ ഭാഗത്ത് അന്വേഷണം നടത്തുക എന്നത് ഏറെ ശ്രമകരമാണെന്ന വസ്തുതയും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശിന്‌റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം വിജയം കണ്ടത് അതിവേഗത്തിലാണെന്നതില്‍ ഒട്ടം സംശയമില്ല.
ലിഗയെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയതാകാമെന്ന കമ്മീഷണറുടെ നിഗമനമാണ് അന്വേഷണത്തെ കൃത്യമായ ദിശയിലേക്ക് നയിച്ചത്. കണ്ടല്‍കാടിന്‌റെ ചില ഭാഗങ്ങള്‍ വെട്ടിതെളിച്ചു പരിശോധന നടത്തിയപ്പോഴാണ് ലിഗയുടെ മൃതദ്ദേഹം കെട്ടിത്തൂക്കാന്‍ വള്ളികൊണ്ടുണ്ടാക്കിയ കുടുക്കും പ്രതികളുടെ മുടിനാരിഴകളും വരെ കിട്ടിയത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ സംഘം അന്വേഷണത്തിന്‌റെ വിവിധ തലങ്ങളില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ചേന്തിലക്കരയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ മയക്കുമരുന്ന് സംഘത്തെയും കയര്‍ തൊഴിലാളികളെയും മറ്റു താമസക്കാരെയും മണിക്കൂറകളോളമാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത്.
ബീച്ചിന്‌റെ ഭാഗത്ത് കോവളം മുതല്‍ വിഴിഞ്ഞം വരെ പരിശോധന നടത്തുവാന്‍ നാവിക സേന ഒപ്പം നിന്നു. കോവളത്ത് പ്രവര്‍ത്തിക്കുന്ന 245ല്‍ അധികം ഹോട്ടലുകള്‍ പരിശോധിച്ചു. നാനൂറ് പേരെ ചോദ്യം ചെയ്തു. 40ല്‍ അധികം സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പൊലീസ് ഇതിനോടകം പരിശോധിച്ചത്. അന്വേഷണത്തിന്‌റെ നിര്‍ണായക ഘട്ടത്തില്‍ സംശയം തോന്നിയ 12 പേരില്‍നിന്ന് തെളിവുകള്‍ അടിസ്ഥാനമാക്കി ഒരോരുത്തരെയായി ഒഴിവാക്കി വന്നപ്പോഴണ് ഒടുവില്‍ രണ്ടു പേര്‍ പിടിയിലാകുന്നത്. അന്വേഷണത്തില്‍ കാട്ടിയ മികവിന് പ്രകാശ്, ജയദേവ് എന്നീ ഉദ്യോഗസ്ഥരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കണം.
കേസില്‍ കൊലയാളികളെ പിടികൂടിയെങ്കിലും പൊലീസിന്‌റെ ദൗത്യം ഇനിയും അവസാനിക്കുന്നില്ല. പ്രതികള്‍ക്ക് രക്ഷപെടാനുളള പഴുത് മുഴുവനുമടയ്ക്കണം. ഫോറന്‍സിക്ക് തെളിവുകളുള്‍പ്പടെയുള്ളവ കൃത്യമാണെന്ന് ഉറപ്പു വരുത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഇനിയും പൊലീസിന് ഏറെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. ഇനി ഇത്തരമൊരു സംഭവത്തിന് കേരളം സാക്ഷിയാകരുത്. കേരളത്തിന് മുന്‍പില്‍ സത്യസന്ധതയുടെയും അന്വേഷണമികവിന്‌റെയും കഠിനാധ്വാനത്തിനറെയും തങ്കത്തിളക്കമുളള മാതൃക കാട്ടിത്തന്ന കേരള പൊലീസ് സേനയ്ക്ക് ലിഗ കേസിന്‌റെ തുടര്‍ നടപടികളിലും വിജയം നേടാന്‍ കഴിയട്ടെ എന്ന് ആശംസിക്കാം.
Post Your Comments