Latest NewsNewsIndia

മകളുടെ മൃതദേഹം സംസ്കരിച്ച ശേഷം കൊലപ്പെടുത്തിയ മരുമകനെതിരെ കേസും : ദിവസങ്ങൾ കഴിഞ്ഞ് മകൾ ജീവനോടെ മുന്നിൽ

മരണം സ്ഥിരീകരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്‍ പിന്നിടുന്നതിനകം മരണപ്പെട്ടെന്ന് കരുതിയയാള്‍ ജീവനോടെ മുന്നിലെത്തി. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്‌സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. മകളെ മരുമകൻ കൊലപ്പെടുത്തിയതാണെന്ന ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്‌സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം. നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെയായിരുന്നു പിതാവിന് സംശയം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു. പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി.

എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റും ചെയ്തു. ചോദ്യം ചെയ്യലിനിടയില്‍ പോലീസിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇരുവര്‍ക്കും കൊലപാതകത്തില്‍ ഒരു പങ്കുമില്ല. നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്ബും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി.

തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു. ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു.പിന്നീട് പോലീസ് നീതുവിനെ പിരികൂടുകയായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്.

മൃതദേഹത്തില്‍ മുഖം കത്തിക്കരിഞ്ഞതിനാല്‍ നീതുവാണോ അല്ലയോ എന്ന് വ്യക്തമായിരുന്നില്ല. നീതുവിനെ കണ്ടെത്തി എന്ന് വരുത്താനായിരുന്നു പോലീസിന് ധൃതി. തുടര്‍ന്ന് മെയ് 2 ന് വൈകിട്ട് മാതാപിതാക്കള്‍ക്ക് മൃതദേഹം കൈമാറി. മൃതദേഹം മകളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോന നടത്താന്‍ നീതുവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞെങ്കിലൂം അവഗണിക്കപ്പെട്ടു. ആധാര്‍ കാര്‍ഡില്‍ വിരലടയാളമുണ്ട് അത് പരിശോധന നടത്താനുള്ള ആവശ്യവും നിഷേധിക്കപ്പെട്ടു. തികച്ചും പോലീസിന്റെ അനാസ്ഥയാണ് ഇതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button