അവകാശ സ്മരണകളുടെ ഓര്‍മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി. ഇന്ന് മെയ് 1. അന്താരാഷ്ട്ര തൊഴിലാളി ദിനം. ചരിത്രത്തെ മാറ്റിത്തിരുത്തുകയും, പുനര്‍നിര്‍വചിക്കുകയും ചെയ്ത അനവധി പോരാട്ടങ്ങളിലൂടെയാണ് ലോക തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.
1886-ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവ് വീഥികളില്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് ഈ ദിനംആചരിക്കുന്നത്. 1889 – മെയ് 14-ന് ഫ്രെഡറിക്ക് എംഗള്‍സിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് മെയ് 1 സര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സമാധാനപരമായി യോഗം ചേരുകയായിരുന്ന ഒരുകൂട്ടം തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് വെടിയുതിര്‍ക്കുന്നത് കാണാം. മനുഷ്യ ജീവനും അവകാശത്തിനും രക്തം കൊണ്ട് വിലയെഴുതപ്പെട്ട സന്ദര്‍ഭം. തുടര്‍ന്ന് 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ തൊഴിലാളികള്‍ തന്റെ അവകാശങ്ങള്‍ നേടിയെടുത്ത് വിജയം ആഘോഷിച്ചു. അതാണ് ലോക തൊഴിലാളി ദിനം.
അനീതിയുടെ ചവറ്റുകൂട്ടയില്‍ ദ്രവിച്ചുപോകുന്ന മറ്റൊരു ജനത കൂടി ഇവിടെയുണ്ട്. തൊഴിലില്‍ നിന്നും കിട്ടുന്ന ചെറിയ തുക പട്ടിണിയും കഷ്ടപ്പാടും മാറ്റാന്‍ പോലും തികയാതെ കഷ്ടപ്പെടുമ്പോള്‍ മറ്റൊരു കൂട്ടം ജനങ്ങള്‍ ഷോപ്പിങ്ങ് മാളുകളും ഹോട്ടലുകളും മാറി മാറി കയറി ആഡംബരത്തിന്റെ കൊടുമുടി കയറുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍പോലും വിശ്രമിക്കാനാകാതെ രാവന്തിയോളം പണിയെടുത്ത് കുടുംബം നയിക്കുന്ന വൃദ്ധസമൂഹവും ബാലവേലയുടെ അന്ധകാരത്തില്‍ കണ്ണീര്‍ പൊഴിക്കാന്‍ മാത്രം വിധിക്കപ്പെട്ട ബാലന്മാരും. കേരളമൊരു ഭ്രാന്താലയമെന്ന് ആധുനികതയും ഒരിക്കല്‍ കൂടി വിളിച്ചോതുകയാണ്. മറുനാടന്‍ ജനതയെ കേരളത്തില്‍ കൊണ്ട് വന്ന് ഒരു വിഭാഗം മലയാളികള്‍ മുതലാളി ചമയുന്നു.
തൊഴിലിനും തൊഴില്‍ അവകാശങ്ങള്‍ക്കും രാജ്യത്തിന്റേയോ, ഭാഷയുടേയോ, അതിര്‍വരമ്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്നം ഒന്നും തന്നെയാണെന്നും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മ്മയാണ് മെയ്ദിനം പങ്കുവെയ്ക്കുന്നത്. തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന തൊഴില്‍ സമൂഹമാണ് നമ്മുടേത്. കാലമേറെ കഴിഞ്ഞിട്ടും ഇന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇവിടെ മെയ് ദിനം ഉണര്‍ത്തുന്ന ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്.
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗിയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികള്‍ക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളില്‍ സ്‌നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്‍പ്പിക്കാനും ഈ സാര്‍വ്വദേശിയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ
Post Your Comments