സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി നീലക്കുറിഞ്ഞി ഉദ്യാനം. മൂന്നാറിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതു സംബന്ധിച്ചുള്ള രാഷ്ട്രീയ തീരുമാനം സര്‍ക്കാരിന് തലവേദനയാകുന്നു.
വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടർ സ്ഥലത്താണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം. ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനുമാണ് ഈ മാസം 24നു ചേർന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചു സമഗ്ര സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജൂണിനു മുൻപു സർവേ പൂർത്തിയാക്കണം. എന്നാല്‍ ഈ തീരുമാനത്തില്‍ നിയമകുരുക്കുകള്‍ ഏറെയാണ്. സർക്കാരിന്റെ ഈ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളേറെയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടർ സ്ഥലത്താണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം. ഇടതു പക്ഷ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ ഭൂമിയിലെ പട്ടയമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുകയെന്നതാണ്. വിവാദമായ പല കയ്യേറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ 58, 62 ബ്ലോക്ക് നമ്പർ പ്രദേശങ്ങളിൽ ഭൂരിഭാഗവും കയ്യേറ്റക്കാരുടെ കയ്യിലാണെന്നാണ് ആരോപണം. ഈ ബ്ലോക്കുകളിലെ ജനവാസകേന്ദ്രങ്ങളെ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി, പകരം വട്ടവട വില്ലേജിലെ 60, 63 ബ്ലോക്കുകളിലെയും കൊട്ടാക്കമ്പൂരിലെ 59, 61 ബ്ലോക്കുകളിലെയും പ്രദേശങ്ങളെ സങ്കേതത്തിന്റെ ഭാഗമാക്കാനാണു സർക്കാർ ആലോചന. ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെടെയുള്ളവരുടെ ഭൂമി ഇവിടെയാണ്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ രാഷ്ട്രീയ തീരുമാനത്തെ ജനകീയ സമരങ്ങള്‍ കൊണ്ട് നേരിടാന്‍ വട്ടവടയിലെ ജനങ്ങള്‍ ശ്രമിക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. കാരണം ഇതിനു മുന്‍പും പലപ്പോഴും ഭൂരേഖകളുടെ പരിശോധന ആരംഭിക്കുമ്പോൾ ഹർത്താലുകളും സമരങ്ങളും നടത്തിയ ചരിത്രം ഈ വട്ടവടയ്ക്കുണ്ട്. മറ്റൊന്ന് ഈ ഭൂപ്രദേശം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചാൽ, സംസ്ഥാന സർക്കാരിനു മാത്രമായി പിന്നീട് തീരുമാനം എടുക്കാന്‍ കഴിയില്ല. അതിർത്തി പുനർനിർണയ വിഷയത്തില്‍ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് എന്നിവരുമായി ചർച്ചചെയ്യണം. പിന്നീടു വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. തുടർന്ന്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് ഇതിന് അനുമതി നൽകണം. ഇങ്ങനെ നിരവധി കടമ്പകള്‍ മുന്നിലുണ്ട്.
നീലക്കുറിഞ്ഞി ഉദ്യാന പുനർനിർണയത്തിന്റെപേരിലുള്ള വിവാദങ്ങളിൽ കാര്യമില്ലെന്നു വനം മന്ത്രി കെ.രാജു പറഞ്ഞു. കുറിഞ്ഞി സങ്കേതപ്രദേശത്ത് അനധികൃത കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും സങ്കേതം നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു. ജനവാസ മേഖലകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരുടെ ഭൂരേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതു സെറ്റിൽമെന്റ് ഓഫിസറാണെന്നും മന്ത്രി അറിയിച്ചു. കുറിഞ്ഞി സങ്കേതത്തിന്റെ ചുമതലയുള്ള സെറ്റിൽമെന്റ് ഓഫിസർക്കും സർക്കാർ തീരുമാനം അതേപടി നടപ്പാക്കാനാകില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു. ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറാണു കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫിസർ.
Post Your Comments