KeralaLatest NewsNews

വരാപ്പുഴ എത്തുംമുമ്പേ ശ്രീജിത്തിന് ഏൽക്കേണ്ടിവന്നത് ക്രൂരമര്‍ദനം: റിപ്പോർട്ട് ഇങ്ങനെ

വരാപ്പുഴ : ദേവസ്വംപാടം ഷേണായിപറമ്പില്‍ ശ്രീജിത്ത് വരാപ്പുഴ എത്തുംമുമ്പേ ക്രൂരമര്‍ദനം ഏൽക്കേണ്ടിവന്നെന്ന് റിപ്പോർട്ട്. ശ്രീജിത്തിനെ ആറിനു രാത്രി പത്തോടെ പിടികൂടിയശേഷം ആര്‍.ടി.എഫ്‌. എസ്‌.ഐ. ഷിബുവിനു കൈമാറിയിരുന്നു. എസ്‌.ഐയുടെ ജീപ്പില്‍ കൊണ്ടുപോകുംവഴിയും തലങ്ങും വിലങ്ങും മര്‍ദിച്ചെന്നുമാണ് ആരോപണം. അത്രയും സമയം എവിടെയായിരുന്നു എന്ന ചോദ്യമാണ്‌ ആരോപണങ്ങള്‍ ബലപ്പെടുത്തുന്നത്‌. വാസുദേവന്‍ ജീവനൊടുക്കിയ ദിവസം രാത്രിവരെ എസ്‌.ഐ. ടി.വി. ഷിബു ദേവസ്വംപാടത്ത്‌ ഉണ്ടായിരുന്നു.

എസ്‌.ഐക്കാണു ശ്രീജിത്തിനെ ആദ്യം കൈമാറിയതെന്ന്‌ ആര്‍.ടി.എഫ്‌. സ്‌ക്വാഡ്‌ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ എസ്‌.ഐയുടെ ജീപ്പ്‌ കസ്‌റ്റഡിയില്‍ എടുക്കുകയും ടി.വി. ഷിബുവിനെ ആലുവ പോലീസ്‌ ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. വരാപ്പുഴ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ ശ്രീജിത്ത്‌ അവശനിലയിലായിരുന്നു. ക്ഷീണംകൊണ്ട്‌ ഉറങ്ങിപ്പോയി. എസ്‌.ഐ. ദീപക്‌ പുലര്‍ച്ചെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നിലത്തുകിടന്ന്‌ ഉറങ്ങുന്ന ശ്രീജിത്തിനെയാണു കണ്ടത്‌. മറ്റു പ്രതികള്‍ ഏഴുന്നേറ്റു നിന്നപ്പോള്‍ ശ്രീജിത്ത്‌ ഉറക്കം തുടര്‍ന്നു. എഴുന്നേല്‍പ്പിക്കാന്‍ ദീപക്‌ ചവിട്ടിയിട്ടും ശ്രീജിത്ത്‌ എഴുന്നേറ്റില്ല. മറ്റു പ്രതികളും ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ നോക്കിയെങ്കിലും അവശതമൂലം കഴിഞ്ഞില്ല.

ഈ അവശതയ്‌ക്കു കാരണം സ്‌റ്റേഷനിലെ കനത്ത മര്‍ദനമാണെന്ന് പറയുന്നു. ശ്രീജിത്തിനെ മര്‍ദിച്ചവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കാനായിരുന്നു നേരത്തേ തീരുമാനം. വരാപ്പുഴ എസ്‌.ഐ. ദീപക്‌, ആര്‍.ടി.എഫ്‌. അംഗങ്ങളായ സന്തോഷ്‌, ജിതിന്‍രാജ്‌, സുമേഷ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, കസ്‌റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയ വടക്കന്‍ പറവൂര്‍ സി.ഐ. അടക്കമുള്ളവര്‍ക്കെതിരേ എന്തു നടപടിയെടുക്കുമെന്നതില്‍ ആശയക്കുഴപ്പം നിലനിന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചിച്ചതിനു പിന്നാലെയാണ്‌ സി.ഐ. അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button