ന്യൂഡല്‍ഹി: കേരളതീരത്തെ വിറപ്പിച്ച കൊടുങ്കാറ്റ് എത്തിയത് 10,000 കിലോമീറ്റര്‍ അകലെ നിന്ന്. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ തീരദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തിന് പിന്നില്‍ അറ്റ്‌ലാന്റിക്കില്‍ നിന്ന് വീശിയടിച്ച കൊടുങ്കാറ്റെന്ന് റിപ്പോർട്ട്. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉത്ഭവിച്ച കൊടുങ്കാറ്റാണ് ഇന്ത്യന്‍ മഹാസമുദ്രത്തെ ഇളക്കിമറിച്ചതെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോമേഷന്‍ സര്‍വീസസ് (ഐ.എന്‍.സി.ഒ.ഐ.എസ്.) ഡയറക്ടര്‍ എസ്.എസ്.സി. ഷേണോയ് വ്യക്തമാക്കി.
ഇതേതുടർന്ന് കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക് അതിജാഗ്രതാ മുന്നറിയിപ്പാണ് (റെഡ് അലര്‍ട്ട്) ലഭിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഭാഗികമായി തകര്‍ന്നത് 394 വീടുകളാണ്. മാറ്റിപ്പാര്‍പ്പിച്ചത് 578 പേരെയും. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് തിരുവനന്തപുരത്താണ്. കടല്‍ക്ഷോഭ മുന്നറിയിപ്പ് ലഭിച്ച മറ്റിടങ്ങള്‍ – കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ലക്ഷദ്വീപ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെയാണ് തിരമാലകള്‍ ഉയര്‍ന്നത്. സാധാരണ തിരമാലകള്‍ 4-10 സെക്കന്‍ഡ്‌സ് നേരത്തേയ്ക്കാണ് തീരത്ത് അടിക്കാറെങ്കില്‍ ഇവ 22 സെക്കന്‍ഡ് നീളുന്നവയായിരുന്നു. ഏപ്രില്‍ 18-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് വമ്പൻ തിരമാലകള്‍ രൂപപ്പെട്ടത്.
Post Your Comments