ദമ്മാം•ആരോഗ്യം മോശമായത് കാരണം ജോലി ചെയ്യാനാകാതെ ദുരിതത്തിലായ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തിരുവല്ല സ്വദേശിനിയായ സാലി കുട്ടപ്പനാണ് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.
ഒരു വർഷം മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ സാലി കുട്ടപ്പൻ വീട്ടുജോലിയ്ക്ക് എത്തിയത്. ആ വലിയ വീട്ടിൽ ആറുമാസത്തോളം വലിയ കുഴപ്പമില്ലാതെ ജോലി ചെയ്തു. എന്നാൽ വിശ്രമമില്ലാത്ത ജോലി ക്രമേണ ആരോഗ്യം ക്ഷയിപ്പിച്ചു. അതോടെ ശാരീരികാദ്ധ്വാനം നടത്താനുള്ള കഴിവ് കുറഞ്ഞു. തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ സാലി സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ സമ്മതിച്ചില്ല. രോഗം മൂലം ഏറെ അവശയായിട്ടും അവരോട് ജോലി തുടരാനാണ് സ്പോൺസർ പറഞ്ഞത്. ഇനിയും ആ വീട്ടിൽ തുടർന്നാൽ തന്റെ ജീവൻ തന്നെ അപകടത്തിലാകും എന്ന് തോന്നിയ സാലി, ആരുമറിയാതെ പുറത്തിറങ്ങി, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്‌ഡെസ്‌ക്കിൽ പോയി പരാതി പറഞ്ഞു.
അവർ നൽകിയ വിവരമനുസരിച്ച് സാലി, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ ഉടനെ സ്ഥലത്തെത്തുകയും, പോലീസിന്റെ സഹായത്തോടെ സാലി കുട്ടപ്പനെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിയ്ക്കുകയും ചെയ്തു. മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവർത്തകരും സാലിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. സാലിയുടെ രോഗാവസ്ഥയുടെ ഗൗരവം സ്‌പോൺസറെ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ, സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി. സാലിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്‌പോർട്ടും, വിമാനടിക്കറ്റും നൽകാൻ സ്പോൺസർ തയ്യാറായി. മഞ്ജു വനിതാഅഭയകേന്ദ്രവുമായി ബന്ധപ്പെട്ട് മറ്റു നിയമനടപടികൾ വേഗം പൂർത്തിയാക്കി.
എല്ലാവരോടും നന്ദി പറഞ്ഞ് സാലി കുട്ടപ്പൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments