Latest NewsNewsIndia

ട്രെയിനിലെ പീഡനവീരനെ സാഹസികമായി കീഴ്‌പ്പെടുത്തി ഈ പോലീസ്: വസ്ത്രങ്ങള്‍ കീറി രക്തം വന്ന നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടി

അർദ്ധരാത്രിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പട്രോളിംഗിനിടെ നിലവിളി കേട്ട് അടുത്ത കോച്ചിലേക്ക് ചാടിക്കയറി സിനിമാ സ്റ്റൈലില്‍ അക്രമിയെ കീഴ്‌പ്പെടുത്തി ഈ പോലീസുകാരന്‍ ഹീറോയായി. എംആര്‍ടിഎസ് ട്രെയിനില്‍ തിങ്കളാഴ്ച രാത്രി 11.45 നു നടന്ന സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ കെ ശിവജിയുടെ ഹീറോയിസമാണ് തുണയായത്. 25 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ് സത്യരാജ് എന്നയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു.

അക്രമത്തില്‍ വസ്ത്രങ്ങള്‍ കീറി, ചുണ്ടുകള്‍ പൊട്ടി രക്തം വന്നനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കെ ശിവജിയും മറ്റൊരു കോണ്‍സ്റ്റബിളും സബ് ഇന്‍സ്പ്ക്ടര്‍ എസ് സുബ്ബയ്യയും നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പെട്രോളിംഗിന്റെ ഭാഗമായി വെലാച്ചേരിയില്‍ നിന്നും ചെന്നൈ ബീച്ചിലേക്കു ട്രെയിനില്‍ യാത്ര ചെയ്ത ഇവര്‍ രാത്രി 11.45 ലോടെ തൊട്ടടുത്ത വനിതാ കോച്ചില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. ചിന്താദ്രിപേട്ട് സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതേയുണ്ടായിരുന്നുള്ളൂ.

ഇവർക്ക് ആ കൊച്ചിലേക്കു പോകാൻ വാതിലുകൾ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത സ്‌റ്റേഷനായ പാര്‍ട്ട് ടൗണില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗത കുറച്ച സമയത്ത് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുകയും തൊട്ടടുത്ത കോച്ചിലേക്ക് ചാടിക്കയറുകയും ചെയ്തു. സത്യരാജ് പെണ്‍കുട്ടിയെ കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു. ശിവജി ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടിയെ രക്ഷിച്ചു. ശിവജിയുടെ ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍ പിന്നാലെ ഓടിയെത്തിപ്പോഴേക്കും യുവതി അബോധാവസ്ഥയില്‍ ആയിരുന്നു.

പെട്ടെന്ന് തന്നെ ആംബുലന്‍സ് വിളിച്ചു വരുത്തുകയും രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ബലാത്സംഗക്കുറ്റത്തിന് സത്യരാജിനെ ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനിലെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജിആര്‍പി തലവന്‍ പൊന്‍ മാണിക്യവേല്‍ പിന്നീട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചെന്നു സന്ദര്‍ശിച്ചു.

കോണ്‍സ്റ്റബിള്‍ ശിവജിയാണ് തന്നെ രക്ഷിച്ചതെന്ന് പെണ്‍കുട്ടി അദ്ദേഹത്തോട് പറയുകയുണ്ടായി. തുടര്‍ന്ന് ശിവജിക്ക് 5000 രൂപ അദ്ദേഹം സമ്മാനമായി നല്‍കി. ട്രെയിനിലെ കൂടുതൽ സുരക്ഷക്കായി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button