Latest NewsArticleNews StoryEditor's Choice

മദ്യകുപ്പികള്‍ പറന്നെത്തുന്നു; ജയിലുകള്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് സുഖവാസ കേന്ദ്രമോ?

കുറ്റം ചെയ്തവരെ ശിക്ഷ നടപ്പിലാക്കുന്നതിനായാണ് ജയിലുകളില്‍ പാര്‍പ്പിക്കുന്നത്. എന്നാല്‍ ശിക്ഷാ നടപടികള്‍ക്ക് പകരം സുഖവാസ സൌകര്യങ്ങള്‍ ക്രിമിനലുകള്‍ക്ക് ഒരുക്കി കൊടുക്കുകയാണ് ജയിലുകള്‍. ഇതാണോ വേണ്ടത്? നിരപരാധികളായ ജനങ്ങളെ കൊന്നും കൊള്ളയടിച്ചും ജീവിച്ച കൊലയാളികള്‍ അടക്കമുള്ളവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ജയില്‍ തനിക്ക് തറവാട്ടു വീട് പോലെയെന്ന് പറഞ്ഞു നെഞ്ചും വിരിച്ചു പോയി വരുന്ന നായകന്മാരെ നോക്കി കയ്യടിച്ച മലയാളികള്‍ ഇപ്പോള്‍ ക്രൂര കൊലപാതകങ്ങള്‍ ചെയ്തതിന്റെ ശിക്ഷയില്‍ ജയിലില്‍ കഴിയുന്നവരുടെ സുഖ സൌകര്യങ്ങള്‍ കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുന്ന അവസ്ഥയിലാണ്.

രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസമാണെന്ന് പലപ്പോഴും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനു തെളിവാകുന്ന പലതും ഇപ്പോള്‍ നമ്മള്‍ കാണുകയാണ്. ആര്‍.എസ്‌.എസ്‌. നേതാവ്‌ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 16 പേരെയും പ്രത്യേക ഉത്തരവിലൂടെ കണ്ണൂരിലെത്തിച്ച്‌ ഒരേ ബ്ലോക്കില്‍ താമസിപ്പിച്ചതു മുതല്‍ മദ്യ കുപ്പികള്‍ മതിലുകള്‍ ചാടിക്കടക്കുന്നത് വരെയുള്ള സംഭവങ്ങള്‍ അതിനു ഉദാഹരണം. 850 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇവിടെ 1100-ല്‍പ്പരം പേരുണ്ടായിരിക്കെയാണ്‌ ഇത്‌.

രാഷ്‌ട്രീയ കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക്‌ കണ്ണൂരില്‍ വി.ഐ.പി പരിവേഷമാണ്‌. ഇവരെ കാണാന്‍ ധാരാളം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുകയും ചെയ്യും. ബന്ധുക്കള്‍ അടക്കമുള്ള സന്ദര്‍ശകരുടെ സൗകര്യത്തിനായാണ്‌ പാര്‍ട്ടി ഇടപെടലോടെ കതിരൂര്‍ മനോജ്‌ വധക്കേസ്‌ പ്രതികളെ കണ്ണൂരിലെത്തിച്ചത്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ്‌ ടി.പി വധക്കേസിലെ പ്രതികളെ പൂജപ്പുരയിലേക്കും വിയ്യൂരിലേക്കുമായി മാറ്റിയത്‌. രാഷ്‌ട്രീയ കൊലപാതകങ്ങളെ പൊതുവേദികളില്‍ തള്ളിപ്പറയുമെങ്കിലും പ്രതികള്‍ക്ക്‌ നിയമസഹായങ്ങള്‍ നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച്‌ റിമാന്‍ഡ്‌/വിചാരണാ സമയത്ത്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടികള്‍ ഇടപെട്ടാണ്‌. ഇത്രയും സൗകര്യങ്ങള്‍ നല്കുന്നതിനിടയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചുറ്റുമതിലിന് മുകളിലൂടെ മദ്യം എത്തിച്ച് നല്‍കുന്ന വീഡിയോ ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ടത്.

കൊടും കുറ്റവാളികളേയും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളേയും പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായത് ചര്ച്ചയാവുകയാണ്. ഇനി ഇവിടത്തെ തടവുകാരെക്കുറിച്ചു നോക്കാം. ഇത്രയും സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്ന പുറം സമൂഹത്തിനു എന്ത് സേവനം ചെയ്തിട്ടാണ് അകത്തായതെന്നു അറിയുന്നത് നല്ലതാണ്. പിടിച്ചുപറി, മാലമോഷണം, പോക്കറ്റടി, കള്ളവാറ്റ്, കഞ്ചാവ് വില്പന മുതലായവ നടപ്പിലാക്കി അഴിക്കകത്താവുന്ന നാലാംകിട കുറ്റവാളികൾക്ക് ഈ വക ഭാഗ്യങ്ങളൊന്നും തരപ്പെടുകയില്ല. രാഷ്ട്രീയ കുറ്റവാളികൾക്ക് മാത്രം ലഭിക്കുന്ന സൗകര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം. ആരാണ് രാഷ്ട്രീയ കുറ്റവാളികള്‍!! പോങ്ങമൂടന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ രാഷ്ട്രീയ കുറ്റവാളികൾ എന്നു പറഞ്ഞാൽ കൊടുവാൾ, വടിവാൾ, കൈബോംബ്, കൊച്ചുപിച്ചാത്തി, കത്തി മുതലായ ഉപകരണങ്ങൾ കൊണ്ട് രാഷ്ട്രീയവൈരികളുടെ ജീവൻ മുറിച്ചെടുത്ത് കാലപുരിയ്ക്ക് കൈമാറിയ ക്വട്ടേഷ ഉദ്യേഗസ്ഥരാണ് അവർ. ആദരണീയരായ, ഐ മീൻ ബഹുമാന്യരായ രാഷ്ട്രീയ കുറ്റവാളികൾ!

ജനാധിപത്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് അധികാര മോഹികള്‍ കാരണം നശിക്കുന്ന ഒരു നാടായി കേരളം മാറിക്കഴിഞ്ഞു. അധികാരം പിടിച്ചെടുക്കാന്‍ അക്രമികളെ കൂട്ടുപിടിയ്ക്കുകയും അവരുടെ സേവന താത്പര്യത്തിന് തങ്ങളുടെ അധികാരം തന്നെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഭരണാധികാരികള്‍. പാവപ്പെട്ടവന് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍, സൗജന്യ റേഷന്‍ കൃത്യമായി നല്കാന്‍ കഴിയാത്ത അധികാരികള്‍… എന്നാല്‍ മീനും ഇറച്ചിയും കൂട്ടി മൂന്നു നേരം സുഭിഷമായ ഭക്ഷണം കൊടുത്ത് കൊലയാളികളെ ഊട്ടുന്നു. ഒരു വീടിന്റെ അത്താണിയെയും പ്രതീക്ഷകളെയും രാഷ്ട്രീയത്തിന്റെ പേരില്‍ തച്ചുടച്ച ഇവര്‍ക്ക് ഇങ്ങനെ മൃഷ്ടാന ഭോജനം നല്‍കി സുഖിപ്പിക്കാന്‍ നാണമില്ലേ? ഇവിടത്തെ സാംസ്കാരിക നായകന്മാര്‍ക്ക് ഇതൊന്നും കാണാനും ചോദ്യം ചെയ്യാനും നാവുകള്‍ ഇല്ലേ!!

വിശപ്പിനായി ആഹാരം കട്ടവനെ തല്ലിക്കൊന്ന കേരളത്തില്‍ കൊലയാളികള്‍ക്ക് സുഖ സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. കൊന്നതിന്റെ പാപം തിന്നാല്‍ പോകും എന്ന് പറയാറില്ലേ… അതാണിത്, സുഖകരമായ ജീവിതവും ഭക്ഷണവും കഴിച്ച് അടുത്ത കൊലയ്ക്കുള്ള ആരോഗ്യം സര്‍ക്കാര്‍ ചിലവില്‍ തന്നെ നേടണമല്ലോ.. എങ്കില്‍ അല്ലെ ജനാധിപത്യ ഭരണമാകൂ…..

പവിത്ര പല്ലവി 

shortlink

Related Articles

Post Your Comments

Related Articles


Back to top button