Latest NewsKeralaNews

സഹോദരി പൊട്ടിക്കരഞ്ഞിട്ടും ഒരു കുലുക്കവും ഇല്ലാതെ സൗമ്യ: തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ നാട്ടുകാർ സ്വീകരിച്ചത് കൂക്കിവിളിച്ച്

സഹോദരി പൊട്ടിക്കരഞ്ഞിട്ടും ഒരു കുലുക്കവും ഇല്ലാതെ സൗമ്യ. സ്വന്തം കുടുംബത്തെ നിഷ്ക്കരുണം ഇല്ലാതാക്കിയപ്പോൾ ഉലയാത്ത സൗമ്യയുടെ മനസ് സഹോദരിയുടെ വിലാപങ്ങൾക്കു മുന്നിൽ ഒട്ടും പതറിയില്ല. ‘അച്ഛനോടും അമ്മയോടും നീ എന്തിനിതു ചെയ്തു’വെന്നു പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സഹോദരിയുടെ ചോദ്യത്തിനു മുന്നിൽ നിർവികാരയായി അവർ നിന്നു. കൊലപാതകം നടത്തിയ രീതി വിവരിക്കുന്നതു കേട്ടു നിയന്ത്രണംവിട്ട സഹോദരി പൊട്ടിക്കരഞ്ഞു.

തെളിവെടുപ്പു കഴിഞ്ഞു പുറത്തിറങ്ങിയ സൗമ്യക്കു നേരെ നാട്ടുകാർ കൂക്കിവിളിച്ചു. ചിലർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. സൗമ്യയെ തെളിവെടുപ്പിനു കൊണ്ടുവരുമെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതൽ വീടിനു സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ കാത്തിരുന്നു. എന്നാൽ തെളിവെടുപ്പിനു കൊണ്ടുവരുന്നില്ലെന്നും നേരെ കോടതിയിൽ ഹാജരാക്കുമെന്നും വാർത്ത പരന്നതോടെ ജനക്കൂട്ടം പിരി‍ഞ്ഞുപോയി.

എന്നാൽ ഉച്ചയ്ക്കു ശേഷം സൗമ്യയെ തെളിവെടുപ്പിന് എത്തിക്കുന്നുണ്ടെന്നു വാർത്ത പരന്നു നിമിഷങ്ങൾക്കുള്ളിൽ പ്രദേശം ജനക്കൂട്ടത്താൽ നിറഞ്ഞു. ഉച്ചയ്ക്കു 2.50ന് അന്വേഷണ സംഘം സൗമ്യയുമായി തെളിവെടുപ്പിനെത്തി. കുടുംബാംഗങ്ങളെ മാത്രം ഉള്ളിലാക്കി വീട് അകത്തുനിന്ന് അടച്ച ശേഷമായിരുന്നു തെളിവെടുപ്പ്. അന്വേഷണ സംഘത്തിനു പുറമെ സൗമ്യയുടെ സഹോദരിയും ഭർത്താവും മക്കളും തെളിവെടുപ്പു നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു.

മീനിൽ എലിവിഷം കലർത്തി വറുത്തെടുത്ത ശേഷം ചോറിൽ കുഴച്ചാണു മകൾക്കു നൽകിയത്. അമ്മയ്ക്കു മീൻകറിയിലും അച്ഛനു രസത്തിലും വിഷം കലർത്തി നൽകി. മീൻ വറുക്കാനുപയോഗിച്ച ഫ്രൈയിങ് പാൻ, മാതാപിതാക്കൾക്കു കറി വിളമ്പിയ പാത്രങ്ങൾ എന്നിവ അടുക്കളയിലെത്തി കാട്ടിക്കൊടുത്തു. എലിവിഷത്തിന്റെ പാക്കറ്റ് കത്തിച്ച സ്ഥലവും എലിവിഷം സൂക്ഷിച്ച ചെറിയ പെട്ടിയും ചൂണ്ടിക്കാട്ടി. വിഷം കലർത്തിയ പാത്രങ്ങൾ, എലിവിഷത്തിന്റെ കൂട് കത്തിച്ച ചാരം, പെട്ടി എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button