വിവാഹത്തിന് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനായ സുഹൃത്ത് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് ആളുകള്‍. ഈ വർഷം ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖർ സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിനു ശേഷം ഫെബ്രുവരി 23ന് ഇവർക്ക് പാഴ്സലായി അമ്മയുടെ സഹപ്രവര്‍ത്തകന്‍റെ ഒരു വിവാഹസമ്മാനം ലഭിക്കുകയായിരുന്നു.
എന്നാല്‍ സമ്മാനം തുറന്നുനോക്കിയപ്പോഴേക്കും അത് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ സൗമ്യയും അമ്മൂമ്മയായ ജമമണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിനു പരുക്കേൽക്കുകയും ചെയ്തു. പിന്നീടാണ് അയാള്‍ സമ്മാനമായി കൊടുത്തയച്ചത് പാഴ്സല്‍ ബോംബ് ആയിരുന്നു എന്ന് മനസിലായത്.
വിവാഹസമ്മാനത്തിന്റെ രൂപത്തിൽ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ തൊഴിൽ രംഗത്തെ അസൂയയെന്നു പൊലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മയുടെ സഹപ്രവർത്തകനായ പഞ്ചിലാൽ മെഹർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചിലാൽ മെഹറിനു പകരം സൗമ്യയുടെ അമ്മയായ സഞ്‍ജുക്തയെ ഭായ്ൻസയിലെ ജ്യോതി ബികാഷ് കോളജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. ഇതിൽ അസൂയ പൂണ്ട പഞ്ചിലാൽ കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി സ്ഫോടനം നടത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് ഐജി അരുൺ ബോത്ര പറഞ്ഞു.
പഞ്ചിലാലിന്റെ പക്കൽ നിന്ന് പടക്കങ്ങൾ, വെടിമരുന്ന്, ലാപ്ടോപ്,പെൻഡ്രൈവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ബോംബുണ്ടാക്കുന്നതിനായി ഏഴുമാസം ഇന്റർനെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയും ചെറു പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ശേഷമായിരുന്നു കൃത്യം നടത്തിയത്.
Post Your Comments