Latest NewsKeralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യവും, മൊബൈലും, മയക്കുമരുന്നും എത്തുന്നത് ആകാശം വഴി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചുറ്റുമതിലിന് മുകളിലൂടെ മദ്യം എത്തിച്ച്‌ നല്‍കിയ സംഭവം വന്‍ വിവാദമാകുന്നു. മതിലിന് അപ്പുറത്ത് നിന്നും ജയിലിന്നുള്ളിലേക്ക് മദ്യം ആവശ്യക്കാര്‍ക്ക് എറിഞ്ഞ് നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. കൊടും കുറ്റവാളികളേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ പ്രതികളേയും പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന പരാതി നിലനില്‍ക്കവേയാണ് പുതിയ വിവാദം.

മദ്യക്കുപ്പികള്‍ നല്‍കുന്നത് പോലെ് മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ തടവുകാര്‍ക്ക് ലഭിക്കുന്നുണ്ട്. മൊബൈല്‍ ഫോണിലൂടെ തടവുകാരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പുറത്ത് നിന്നുള്ളവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ചെരുപ്പുകളില്‍ ഒളിപ്പിച്ചാണ് സിംകാര്‍ഡുകളും മൊബൈല്‍ഫോണും എത്തിക്കുന്നതെന്നും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ജയില്‍ ഡിജിപി ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടു.മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജയിലിനകത്തേക്ക് രണ്ടു പേര്‍ മദ്യക്കുപ്പി വലിച്ചെറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. മദ്യം മാത്രമല്ല, മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ തടവുകാര്‍ക്ക് ഇഷ്ടംപോലെ ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. മൊബൈല്‍ ഫോണിലൂടെ തടവുകാരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പുറത്ത് നിന്നുള്ളവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. നേരത്തെ,യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന ആകാശ് തില്ലേങ്കരിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.

കേസിലെ മുഖ്യപ്രതി ആകാശ് തില്ലേങ്കരിയെ കാണാനെത്തിയ യുവതിക്ക് മണിക്കൂറുകളോളം ജയിലിനകത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് പരാതിയുയര്‍ന്നത്.സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനമൊന്നും ജയിലില്ല. സുരക്ഷാ ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതം. രാഷ്ട്രീയ ആക്രമങ്ങളില്‍ പ്രതികളായിട്ടുള്ള 200 പേരുള്‍പ്പടെ 1100 ഓളം തടവുകാരുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.

ആഭ്യന്തര വകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണെന്ന് നേരത്തെ ജയില്‍ ഡിജിപി ശ്രീലേഖ വിമര്‍ശിച്ചിരുന്നു. അന്തേവാസികളുടെ എണ്ണം കൂടി ജയില്‍ നിറയാറായി. ഇതുമൂലം കൂടുതല്‍ തടവുകാരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button