Latest NewsNews Story

തർപ്പണം കാത്ത് നിള

“”നിള”യെക്കുറിച്ചെഴുതുമ്പോൾ , എന്താണ്, എങ്ങനെയാണ് എഴുതേണ്ടതെന്നൊരു ചിന്തയാണ് ആദ്യമേ മനസ്സിലേക്കെത്തുക! ഈ ലോകത്ത് അതിമനോഹരമായ എത്രയോ നദികളുണ്ടെങ്കിലും “നിള”യുടെ സൗന്ദര്യം മറ്റൊന്നിനുമില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം! ഇന്നിന്റെ കൈകളിൽ അവൾ ഒട്ടും സുരക്ഷിതയല്ല, എങ്കിൽ പോലും!

ഗൃഹാതുര സ്മരണകളുടെ കളിവഞ്ചി തുഴഞ്ഞാണ് “നിള “” എന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരാറ്! ഇവൾ എനിക്ക് ആരൊക്കെയോ ആണെന്നൊരു തോന്നൽ! അവളുടെ പഞ്ചാരമണലിലിരുന്ന് എത്രയെത്ര സ്വകാര്യങ്ങൾ പങ്കു വെച്ചാലും ഇനിയും പറയാനൊരുപാട് ബാക്കിയുള്ളത് പോലെ!

പഴയ പ്രതാപത്തിന്റെ ഓർമ്മത്തിളക്കത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് ചില നേരത്ത്! കണക്കുകൂട്ടലുകളിൽ പറ്റിയ പിഴവുമായി കാലം തെറ്റിയെത്തുന്ന “”ഇടവപ്പാതി””യാണ് മൃതപ്രായയായ അവളിൽ ഇനിയും മരിക്കാത്ത ഒരു “കണ്ണീർപ്പുഴ””ഉറങ്ങിക്കിടപ്പുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നത്!

മലയാളക്കരയെ ശാദ്വലപ്പട്ടുടുപ്പിച്ച സഹ്യന്റെ നെറുകയിൽ നിന്ന് തീർത്ഥം പോലെ ഒഴുകിയെത്തി “”പാലക്കാട് കൽപ്പാത്തിയിലെ വിശാലാക്ഷി സമേതനായ വിശ്വനാഥന്റെ പാദങ്ങളിലെത്തുമ്പോൾ “ദക്ഷിണകാശി”യെന്ന കൽപ്പാത്തി പുഴയായി പുണ്യപ്രവാഹിനിയായി മാറുന്നു എന്റെ നിള””

പാലക്കാടൻ കാറ്റിനോട് കിന്നാരം ചൊല്ലി,തരിവളകൾ കിലുക്കി കുണുങ്ങിയൊഴുകിയിരുന്ന അവളിന്ന് വില്വാദ്രിമലയിലെ “”പുനർജ്ജനി നൂഴൽ” ന് ഊഴം കാത്തു കിടക്കുന്നു.വീണ്ടും “ശോകനാശിനി” യായി മലയാളമണ്ണിലെ പുണ്യതീർത്ഥമാവാൻ!

“”മഹാനായ കുഞ്ചന്റെ തുള്ളൽപ്പദങ്ങളിൽ രസിച്ചിരുന്ന പഴയ പേരാറാവാൻ, തുഞ്ചത്തെഴുത്തച്ഛന് തൂലിക പകരാൻ, നിത്യകന്യകയെ തേടിയലഞ്ഞ കവി കുഞ്ഞിരാമനോട് താനാണ് ആ “നിത്യകന്യക”” എന്നു പറയുവാൻ അവളെത്ര മോഹിച്ചിട്ടുണ്ടാവും!””

“”തൃത്താലയിൽ വച്ച് നിളയിൽ മുങ്ങിക്കുളിച്ചു വന്ന് താളി കുഴച്ച് ശിവലിംഗം ഉണ്ടാക്കി ഭഗവാനെ പ്രതിഷ്ഠിച്ച “”അഗ്നിഹോത്രി””യുടെ ആരാധനമന്ത്രങ്ങളെല്ലാം കാണാപ്പാഠമായിരിക്കുമിവൾക്ക്! കളരിവിളക്ക് തെളിയുമ്പോൾ കളരിത്തറ ദൈവങ്ങൾക്ക് തിരി വയ്ക്കാൻ ഇവളും പോയിരിക്കണം! കുത്താമ്പുള്ളിയിൽ നിന്ന് വരുന്ന കസവുടയാടകളിൽ ഇവളുടെ സ്വപ്നങ്ങളും നൂലിഴയായി ചേർത്തിട്ടുണ്ടാവണം! ചെറുതുരുത്തിയുടെ തീരങ്ങളിൽ ,ഇടയ്ക്കയും,ഇലത്താളവും,ഉടുക്കുമൊക്കെയായി പാരമ്പര്യകലകളുടെ പഞ്ചവാദ്യമുയരുമ്പോൾ നൃത്തമാടുന്ന മോഹിനിമാർക്കൊപ്പം, മറ്റൊരു മോഹിനിയായി ഇവളും നൃത്തമാടിയിട്ടുണ്ടാവണം! മാഘമാസത്തിലെ മാമാങ്കനാളുകളിൽ ജീവനറ്റു വീഴുന്ന ചാവേറുകളെ കണ്ട് അവളുടെ നെഞ്ചിലും നിണം പൊടിഞ്ഞിട്ടുണ്ടാവാം!പൊന്നാനിയുടെ ഹൃദയത്തിലൂടെ സൂഫി സംഗീതത്തിലലിഞ്ഞ് അവൾ ഒഴുകാൻ മറന്ന് പോയിട്ടുണ്ടാവാം! ഒടുവിൽ അറബിക്കടലിന്റെ കൈകളിലേക്കെത്തുമ്പോൾ ,കണ്ട കാഴ്ച്ചകളൊക്കെയും വർണ്ണിച്ച് പ്രിയതമന്റെ വിരിമാറിലേക്ക് അനുരാഗവതിയായി തല ചായ്ച്ചിരിക്കാം!

എന്റെ മനസ്സിൽ ഇങ്ങനെയൊരു നിളയെയാണ് ഞാൻ സങ്കല്പിച്ചിരിക്കുന്നത്! ഇങ്ങനെയാകാവൂ..ഇവൾക്ക് ഇങ്ങനെയാകാനേ കഴിയൂ!! എന്നിട്ടും നിത്യകന്യകയായ അവളെ നശിപ്പിച്ചതാരാണ്? അവളെ സംരക്ഷിച്ചു പോന്നിരുന്ന തരുനിരകളെ വെട്ടി മാറ്റിയതാരാണ്? അവളുടെ ഹൃദയം മാന്തിപ്പൊളിച്ചതാരാണ്? അവളെ കൊല്ലാതെ കൊന്നതാരാണ്?

മഹത്തായ പൈതൃകത്തിന്റെ മണിക്കിരീടമണിഞ്ഞ് അഭിമാനത്തോടെ ഒഴുകിയിരുന്ന അവളുടെ ദേഹത്ത് മുറിവേല്പിച്ചതാരാണ്?അനേകമനേകം കവിവര്യരുടെ പ്രണയിനിയും ,ആരാധനാ കഥാപാത്രവുമായിരുന്ന ഇവളെ നശിപ്പിക്കാൻ ഏത് മനസ്സാക്ഷിയ്ക്കാണ് കഴിഞ്ഞത്?

“”ഗായത്രിയെന്നും,മംഗലയെന്നും,ഭാരതപ്പുഴയെന്നുമൊക്കെ നാം പേരിട്ടു വിളിച്ച നിള” ഇന്ന് നാവാമുകുന്ദന്റെ നടയിൽ തർപ്പണം കാത്തു കിടക്കുന്നു! നവയോഗികൾ പ്രതിഷ്ഠിച്ച നാവാമുകുന്ദന്റെ നടയിൽ,നാവേറ് പാടാനെത്തുന്നവരോട്, പിതൃക്കൾക്ക് ബലിതർപ്പണം ചെയ്തു മോക്ഷം കൊടുക്കുവാനെത്തുന്നവരോടോക്കെ അവൾ നിശബ്ദമായി മൊഴിയുന്നു!””കഴിയുമെങ്കിൽ എനിക്കുമൊരിലക്കീറിൽ ഇത്തിരി എള്ളും പൂവുമായി ഉദകം നടത്തൂ”..” ശാന്തമായി, തർപ്പണമേറ്റു വാങ്ങി ഇനിയും മരിക്കാത്ത കൈവഴികളുമായി ഞാൻ സഹ്യന്റെ മടിത്തട്ടിലേക്ക് തിരികെ മടങ്ങട്ടേ””!!

shortlink

Post Your Comments


Back to top button