Latest NewsNewsInternational

ഫെയ്‌സ്ബുക്ക് രഹസ്യ നിയമാവലി പുറത്തിറക്കി ; പഴയതുപോലെ എന്തും നടക്കില്ല

കാലിഫോര്‍ണിയ : പുതിയ നിയമാവലിയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. എന്തെല്ലാം വിവരങ്ങളാണ് തങ്ങളുടെ സൈറ്റില്‍ പങ്കുവയ്ക്കാന്‍ അനുവാദമുള്ളതെന്ന് വ്യക്തമാക്കുന്ന രഹസ്യനിയമാവലി ഫെയ്‌സ്ബുക്ക് പരസ്യമാക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ നീക്കംചെയ്യാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്കിന്റെ പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു.

മയക്കുമരുന്നുപയോഗം മുതല്‍ വിദ്വേഷപ്രസംഗം, ലൈംഗികത്തൊഴില്‍, സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളാണ് കമ്പനി വ്യക്തമാക്കിയത്.
എന്നാൽ വിദ്വേഷപ്രസംഗങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങള്‍, ഭീകരവാദം, കൊലപാതകം, ആത്മഹത്യ എന്നിവയുടെ ഫോട്ടോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തടയുന്നതില്‍ ഫെയ്‌സ്ബുക്കിന് വീഴ്ചപറ്റിയെന്ന് വ്യത്യസ്തസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സന്നദ്ധസംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.

ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്.

ഫെയ്‌സ്ബുക്ക് അനുവദിക്കാത്തവ

  •  അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം.
  • മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍.
  • പ്രായപൂര്‍ത്തിയാകാത്തവരെ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍.
  • ഹാക്കിങ്ങിലൂടെ ലഭ്യമായ വിവരങ്ങള്‍. എന്നാല്‍, വാര്‍ത്താപ്രാധാന്യമുള്ള വിവരങ്ങളാണെങ്കില്‍ പോസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ല.
  • തെറ്റായ വിവരങ്ങള്‍ -അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നത് തടയാന്‍ നിലവില്‍ ഫെയ്‌സ്ബുക്കില്‍ സംവിധാനമില്ല. എന്നാല്‍, അത് പ്രചരിക്കുന്നത് തടയാന്‍ ശ്രമിക്കും.

ഫെയ്‌സ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ക്കൊപ്പം അതത് പ്രദേശങ്ങളിലെ പ്രാദേശിക നിയമങ്ങളും പരിഗണിക്കപ്പെടുമെന്നും മോണിക്ക ബിക്കെര്‍ട്ട് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button