Latest NewsNewsInternational

ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

വാഷിങ്ടണ്‍: അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി അമേരിക്കയും. അതിനാല്‍ എച്ച്1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. നിലവില്‍ എച്ച് 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്.

എച്ച് 4 വിസയാണ് വര്‍ക് പെര്‍മിറ്റായി എച്ച്1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. ബരാക് ഒബാമയുടെ ഭരണകാലത്ത് നിലവില്‍ വന്ന പ്രത്യേക നിയമപ്രകാരമാണ് എച്ച്1ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്. അമേരിക്കയില്‍ കുടുംബവുമൊത്തുള്ള സ്ഥിരതാമസം നിയമപരമാക്കാന്‍ പത്ത് വര്‍ഷത്തിലധികം വേണ്ടിവരുമെന്നിരിക്കെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ എച്ച്4 വിസ.

എന്നാല്‍,2015ല്‍ ഒബാമ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് എച്ച്4 വിസയിന്മേലുള്ള വര്‍ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സെനറ്റര്‍ക്കയച്ച കത്തില്‍ പറയുന്നു.

നിശ്ചിതകാലയളവിനുള്ളില്‍ നിയമപരിഷ്‌കരണം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ പൊതുജനത്തിന് അവസരമുണ്ടെന്നും സിസ്‌ന പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുകയെന്ന ലക്ഷ്യമാണ് എച്ച് 4 വിസ വര്‍ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്.

മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 71,000 പേരാണ് എച്ച് 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button