ബംഗളൂരു: സന്ദർശന അനുമതി തേടി മഅ്ദനി വീണ്ടും കോടതിയിൽ. ബംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മഅ്ദനി രോഗിയായ ഉമ്മയെ കാണാനാണു അനുമതി തേടിയത്. എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും ഇതോടൊപ്പം തേടിയിട്ടുണ്ട്.
അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക് അപേക്ഷ നൽകിയത്. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെയാണ് അഡ്വ. പി. ഉസ്മാന്‍ മുഖേന തിങ്കളാഴ്ച ഹർജി സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച് സർക്കാറിന്റെ അഭിപ്രായം തേടിയ കോടതി ഹർജി ബുധനാഴ്ച പരിഗണിക്കും.
ഉമ്മയെ സന്ദർശിക്കാനും മകൻ ഉമർ മുഖ്താറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞവർഷം ആഗസ്റ്റിൽ മഅ്ദനിക്ക് സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു.
Post Your Comments