ശിവാനി ശേഖര്‍
മോക്ഷകവാടമായ “”ഹരിദ്വാറിൽ നിന്നും ഏകദേശം 24 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഋഷികേശ് എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ!(സഞ്ചാര വിശേഷങ്ങൾ–ഹരിദ്വാർ). ഉത്തരാഖണ്ഡിലെ മറ്റൊരു പുണ്യനഗരി! നഗരത്തിരക്കുകളിൽ നിന്നകന്നുമാറി സ്വസ്ഥതയും, സമാധാനവും വേണമെന്നാഗ്രഹിക്കുന്നവർക്ക് ഋഷികേശ് ഒരത്യപൂർവ്വ അനുഭവം തന്നെയായിരിക്കും! ഹരിദ്വാറിലെ സമതല പ്രദേശങ്ങളിലേക്ക് ഭാഗീരഥി ഒഴുകിത്തുടങ്ങുന്നത് ഇവിടെ നിന്നാണ്!
ഹരിദ്വാറിൽ ഗംഗയ്ക്ക് പവിത്രമായ പരിവേഷമാണെങ്കിൽ, ഋഷികേശിൽ അവളൊരു ഉന്മാദിനിയാണ്! കുത്തിയൊലിച്ചൊഴുകുന്ന ഗംഗയുടെ പ്രയാണം അല്പം ഭീതിയുളവാക്കുന്നുണ്ട്!”ഹൃഷികേശ്”എന്നാണ് ശരിയായ നാമമെങ്കിലും പിന്നീട് ഉച്ചാരണത്തിലൂടെ “ഋഷികേശ് “ആയി മാറുകയായിരുന്നു! “”ഋഷികം,ഈശ: ..എന്നീ രണ്ടു പദങ്ങളിൽ നിന്നാണ് “ഹൃഷികേശ്” എന്ന നാമമുണ്ടായത്! “ഹൃഷികം എന്നാൽ””ഇന്ദ്രിയമെന്നർത്ഥം.”ഈശ: “എന്നാൽ ഈശ്വരൻ എന്നർത്ഥം!ഇന്ദ്രിയബോധങ്ങളുടെ ദേവനായ”മഹാവിഷ്ണു വസിക്കുന്ന സ്ഥലം.അതാണ് “ഹൃഷികേശ്” അഥവാ “ഋഷികേശ്.” ഭാരതത്തിനെ “യോഗ”യുടെ പേരിൽ പ്രശസ്തമാക്കിയതും ഈ ഗംഗാ തടമാണ്!
യോഗയുടെ ജന്മസ്ഥലമായി ഋഷികേശ് അറിയപ്പെടുന്നു. നിരവധി പൗരാണിക യോഗാശ്രമങ്ങൾ ഇവിടെയുണ്ട്. സ്വദേശികളും വിദേശികളുമായ അനവധിയാളുകൾ യോഗയുടെ, ധ്യാനത്തിന്റെ അനന്ത സാധ്യതകൾ തേടി,ആത്മീയശാന്തി തേടി ദിനംപ്രതി ഇവിടെയെത്തുന്നു!യോഗ പഠിക്കാനെത്തുന്നവർക്ക് താമസിച്ചു പഠിക്കാൻ നിരവധി ആശ്രമങ്ങളുണ്ട്. അതിൽ ഏറ്റവും പഴക്കമേറിയതും പ്രശസ്തിയാർജ്ജിച്ചതുമായ ഒന്നാണ് “ശിവാനന്ദ ആശ്രമം. വിശ്വപ്രസിദ്ധ യോഗാചാര്യൻ””സ്വാമി ശിവാനന്ദ “” തുടങ്ങിയതാണ് ഈ ആശ്രമം! യോഗ വിദ്യയിലെ മുത്ത് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.””പരമാർത്ഥ നികേതൻ,സ്വർഗ്ഗാശ്രം,ഓംകാരാനന്ദ,യോഗാ നികേതൻ, സ്വാമി ദയാനന്ദാശ്രം,ഫൂൽ ഛട്ടി,എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര ആശ്രമങ്ങളാണ് ഇവിടെ യോഗപഠനത്തിനായുള്ളത്! എല്ലാ വർഷവും മാർച്ച് മാസം ഇവിടെ “”യോഗ ഫെസ്റ്റിവൽ”” നടത്താറുണ്ട്! ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ പുണ്യഭൂമിയിൽ ഒരു നിമിഷമെങ്കിലും ധ്യാനത്തിലലിയാൻ കഴിഞ്ഞാൽ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നു തന്നെയായിരിക്കും!
സാഹസികതയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്! റിവർ റാഫ്റ്റിങ് (River Rafting,) കയാക്കിങ് (Kayaking),ക്യാമ്പിങ്ങ് (camping) എന്നിവയാണ് ഇവിടുത്തെ മുഖ്യ ആകർഷണം! റിവർ റാഫ്റ്റിങ് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.ഒരാൾക്ക്
₹450 മുതൽ ₹1800 വരെ നീണ്ടു പോകുന്നു റിവർ റാഫ്റ്റിങ് നിരക്കുകൾ!തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ദൂരത്തിനും ,സാഹസിക സ്വഭാവത്തിനുമനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്! ” ബ്രഹ്മപുരി മുതൽ ഋഷികേശ് വരെ,ശിവപുരി മുതൽ ഋഷികേശ് വരെ,മറൈൻ ഡ്രൈവ് മുതൽ ഋഷികേശ് വരെ,കൗടില്യ മുതൽ ഋഷികേശ് വരെ.. എന്നിങ്ങനെയാണ് റിവർ റാഫ്റ്റിങ് റൂട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്! ഇതിൽ താരതമ്യേന സാഹസികത കുറഞ്ഞതും,എല്ലാ പ്രായക്കാർക്കും അനുയോജ്യവുമായതാണ് “ബ്രഹ്മപുരി” യിലേത്!
പ്രകൃതി സൗന്ദര്യം ആവോളമാസ്വദിക്കാൻ ഈ യാത്ര ഉപകരിക്കും. ഏകദേശം 9 കിലോമീറ്റർ നദിയുടെ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങിയാണ് ഒന്നര മണിക്കൂർ നീളുന്ന യാത്ര അവസാനിക്കുന്നത്! കുറച്ച്കൂടി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് “”ശിവപുരി””റൂട്ട് തിരഞ്ഞെടുക്കാം.16 കിലോമീറ്റർ നീളുന്ന യാത്ര കുറച്ചു കൂടി ക്ലേശകരമാണ്.മൂന്നര മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം! ഇനി സുഗമമായ റാഫ്റ്റിങ് ഇഷ്ടപ്പെടാത്തവരാണെങ്കിൽ ,നട്ടെല്ലുകളെ വളച്ചൊടിച്ച് ,ത്രില്ലടിപ്പിക്കുന്ന , കുത്തനെയുള്ള ,ഒഴുക്കിനെ ഭയമില്ലാത്തവരാണെങ്കിൽ “”മറൈൻ ഡ്രൈവ്””റൂട്ട് തിരഞ്ഞെടുക്കാം.ഇനി കടും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ആവേശം കുത്തി നിറച്ച് ഇറങ്ങിയിരിക്കുകയാണെങ്കിൽ “”കൗടില്യ”” യിലേക്ക് സ്വാഗതം!
ഗംഗയുടെ അപകടം പിടിച്ച മേഖലയിലൂടെ ശരീരത്തെ ഇളക്കി മറിക്കുന്ന, അത്യധികം ത്രസിപ്പിക്കുന്ന വഴികളിലൂടെ പ്രകൃതിയുടെ അഭൗമ സൗന്ദര്യമാസ്വദിച്ച് 34 കിലോമീറ്റർ ചുറ്റി 8 മണിക്കൂർ യാത്ര ചെയ്യാം! എന്തൊക്കെയായാലും ” ബ്രഹ്മപുരിയിലെ റാഫ്റ്റിങ് ഒഴിച്ച് മിക്കതിലും വെല്ലുവിളികൾ ഏറെയാണ്.നീന്തലറിയാമെന്ന് ഉറപ്പുള്ളവർ മാത്രം സാഹസിക റൂട്ടുകൾ തിരഞ്ഞെടുക്കുക.ഇത് പോലെ തന്നെയാണ്””കയാക്കിങ്”” ഓളപ്പരപ്പിന്റെ ആഴം കുടുന്നതനുസരിച്ച് സാഹസികതയുടെ അളവും കൂടുന്നു. നിരവധി റിസോർട്ടുകളും മറ്റ് ഏജൻസികളും ഓഫറുകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു. ജംഗിൾ ട്രെക്കിങ്ങ്, ക്യാമ്പ് ഫയർ,ബഞ്ചീ ജംബിങ്ങ് എന്നിവയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ട്!
” ഋഷികേശ്” ലെ പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങൾ,””ലക്ഷ്മൺ ഝൂല,രാം ഝൂല, ത്രിവേണി ഘാട്ട്, നീലകണ്ഠ മഹാദേവക്ഷേത്രം,പരമാർത്ഥ നികേതൻ, ശിവാനന്ദ ആശ്രമം,രാജാജി നാഷണൽ പാർക്ക്, വിവിധ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കാഴ്ച്ചകളിലേക്ക് മാടി വിളിക്കുന്നു ഈ ദേവഭൂമി!
ലക്ഷ്മൺ ഝൂല
ഋഷികേശിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ദൂരത്താണ് ലക്ഷ്മൺ ഝൂല. രാമായണ കഥയിലെ ശ്രീരാമ സോദരൻ ലക്ഷ്മണൻ കയറിൽ തൂങ്ങി നദി മുറിച്ചു കടന്നത് ഇതു വഴിയാണ് എന്ന സങ്കല്പത്തിലാണ് ഈ തൂക്കുപാലത്തിന് “”ലക്ഷ്മൺ ഝൂല”” എന്ന പേര് ലഭിച്ചത്! 1929 ൽ നിർമ്മാണം പൂർത്തിയായ ഈ ഇരുമ്പ് തൂക്കുപാലം””തെഹ് രി ഗഡ് വാൾ മലനിരകളിലെ”തപോവൻ ” എന്ന ഗ്രാമത്തെയും””പൗരി ഗഡ് വാൾ മലനിരകളിലെ”ജോങ്ക്” എന്ന ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്! ഇപ്പോഴുള്ള തൂക്കുപാലത്തിന് മുൻപ് ഒന്നു രണ്ട് പാലങ്ങൾ ഗംഗയിലെ ജലം ക്രമാതീതമായപ്പോൾ കുത്തിയൊലിച്ചു പോയിരുന്നു! അതിനു ശേഷമാണ് കുറച്ചു കൂടി ഉയരത്തിൽ ഇപ്പോഴുള്ള പാലം പണിതത്! എന്തായാലും ഇതിന്റെ മുകളിലുടെ ചെറുവാഹനങ്ങൾ കടന്നു പോകാറുണ്ട്! പാലത്തിന് മുകളിൽ നില്ക്കുമ്പോൾ തൊട്ടിലാട്ടുന്നത് പോലെ ചെറിയൊരാട്ടമുണ്ടാവും .അപ്പോൾ മുട്ടു കൂട്ടിയിടിക്കാതെ നോക്കുക!
രാം ഝൂല
ലക്ഷ്മൺ ഝൂലയേക്കാൾ നീളം കൂടിയ മറ്റൊരു തൂക്കുപാലമാണ് “രാം ഝൂല” ഇതിന്റെയും നിർമ്മാണം ഇരുമ്പിലാണ്.”” ശിവനന്ദ ഗ്രാമത്തെയും””സ്വർഗ്ഗാശ്രം”” എന്ന ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതിനാണ് രാം ഝൂല നിർമ്മിച്ചത്.നിരവധി ആശ്രമങ്ങളാൽ സമ്പന്നമാണ് ഈ രണ്ടു ഗ്രാമങ്ങളും.എന്നിരുന്നാലും തൂക്കുപാലത്തിലെ മുട്ടിടിപ്പ് തന്നെയായിരിക്കും നമുക്ക് കൂട്ട്.
മദ്യവിമുക്തമാണ് ഋഷികേശ്! ഒപ്പം ട്രാഫിക് തടസ്സങ്ങളില്ല എന്നതും ഇവിടുത്തെ അന്തരീക്ഷത്തിന് ശാന്തഭാവമേകുന്നു. ശരികുമൊരു സ്വർഗ്ഗഭൂമി! ഭാഗീരഥിയുടെ വള കിലുക്കങ്ങളിലലിഞ്ഞ് അവളുടെ പുളിനങ്ങളിൽ കിന്നാരം ചൊല്ലി ,പ്രകൃതിസൗന്ദര്യത്തിന്റെ രസക്കൂട്ടുകൾ തേടി, ശുദ്ധവായു ഒന്ന് ആഞ്ഞ് ശ്വസിച്ച് ആടിപ്പാടി മതി വരുവോളം ഈ പാവനമണ്ണിൽ ചിലവഴിക്കാം!
സഞ്ചാര വിശേഷങ്ങൾ: മോക്ഷത്തിലേക്കുള്ള വാതിൽ തുറന്ന് ഹരിദ്വാർ
Post Your Comments