KeralaLatest NewsNews

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങിയതാവാം എന്ന് പോലീസുകാർ- ആന്‍ഡ്രൂസിന്റെ പരാതിയില്‍ തലതാഴ്‌ത്തി കേരളം

തിരുവനന്തപുരം: പൊലീസ് ലിഗയുടെ കേസില്‍ വലിയ പാളീച്ചകളാണ് വരുത്തിയത്. വിദേശവനിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും പങ്കാളി ആന്‍ഡ്രൂസും ആരോപിക്കുന്നു. ഇത് നിഷേധിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇല്‍സിയില്‍നിന്ന് പരാതി വാങ്ങിയെന്നല്ലാതെ ആദ്യ ഒരാഴ്ച പൊലീസിന് കാര്യമായൊന്നും ചെയ്യാനായില്ല. മാര്‍ച്ച്‌ 14-ന് ഉച്ചയോടെയാണ് ലിഗ കോവളംതീരത്ത് എത്തിയത്. ഇവിടെനിന്ന് മൃതദേഹം കണ്ടെത്തിയ പനത്തുറയില്‍ പരസഹായമില്ലാതെ എത്താനാവില്ല.

പൊലീസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ലിഗയുടെ ഭര്‍ത്താവ് നടത്തുന്നത്. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ തികഞ്ഞ അവഗണനയാണുണ്ടായതെന്ന് ആന്‍ഡ്രൂ പറയുന്നു. പൊലീസുകാര്‍ തന്നെ മനോരോഗിയാക്കി. ലിഗയെ അന്വേഷിച്ചുചെന്ന തന്നെ ഹോട്ടലുകാര്‍ ആക്രമിച്ചു. ഇതേക്കുറിച്ച്‌ പരാതിപ്പെട്ടപ്പോഴും പൊലീസ് ഹോട്ടലുകാരുടെ പക്ഷത്തായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പൊലീസ് വിദേശികളെ അപമാനിച്ചു. തലയറുത്ത വിധത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഒതളങ്ങ കഴിച്ചാകും മരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. കാണാനില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ പൊലീസ് അപമാനിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ ഏറെ ആശങ്കയാണ് ഇവർക്കുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ കോവളത്തിന് വലിയ നാണക്കേടാണ് ലിഗയുടെ മരണമുണ്ടാക്കുന്നത്. ഇത് മറികടക്കാനാണ് ലിഗയുടെ മരണത്തെ ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുന്നതിന് കാരണം. ഇതോടെ ലിഗയുടെ ബന്ധുക്കള്‍ ആശങ്കയിലാകുന്നു. അവര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് കേരളത്തിലെ പൊലീസിന്റെ പൊതു സ്വഭാവം വിശദീകരിക്കുന്നു. ഇത് വിവാദത്തിന് പുതിയ മാനം നല്‍കുകയാണ്. ലിഗ മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാണെന്നും അവരെ തിരക്കി സമയം കളയാനില്ലെന്നുമായിരുന്നു പരാതിയുമായെത്തിയ ഭര്‍ത്താവിനോട് പൊലീസ് എടുത്ത നിലപാട്.

വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രൂ പൊലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പൊലീസിന്റെ നിസ്സഹകരണമാണ് ഒരുഘട്ടത്തില്‍ തിരിച്ചുപോകാനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു. മാനസികരോഗമുണ്ടെന്നാരോപിച്ച്‌ തന്നെ നിര്‍ബന്ധിത ചികിത്സയ്ക്ക് പൊലീസ് വിധേയനാക്കി. ആറുദിവസം ആശുപത്രിയില്‍ കിടത്തി. അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകളും നടത്തി. ഫോണ്‍ പിടിച്ചുവാങ്ങി. എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല-അങ്ങനെ ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ നീളുന്നു. അന്താരാഷ്ട്ര ടൂറിസംകേന്ദ്രമായ കോവളത്തിന്റെ സുരക്ഷാ പാളിച്ചയിലേക്കാണ് ലിഗയുടെ മരണം വഴിതെളിക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തീരത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ പൊലീസിന് കഴിയുന്നില്ല.

ബീച്ചില്‍ ഒരിടത്തുപോലും നിരീക്ഷണക്യാമറകളില്ല. ചില ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ മാത്രമാണ് ആശ്രയം. അതിനിടെ ലിഗയുടെ മരണം കൊലപാതകമാണെന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു.

മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പൊലീസിന്റെയും ഒത്താശയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്നാണ് ആരോപണം. നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് മൃതദേഹം ഇപ്പോള്‍. ഫോറന്‍സിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും പൊലീസ് തള്ളിയിരുന്നു. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button