ഉള്‍ഹസ് നഗര്‍ (മഹാരാഷ്ട്ര) : ബാങ്കില്‍ നിന്നും പണം പിന്‍വലിയ്ക്കാന്‍ മരിച്ച ആളുടെ മൃതദേഹവുമായി ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ ഉള്‍ഹാസ് നഗറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം നടന്നത്.
ഗണേഷ് കാമ്പിള്‍ എന്ന ചെറുപ്പക്കാരന്റെ അക്കൗണ്ടില്‍നിന്നും ബന്ധുക്കള്‍ക്ക് പണം പിന്‍വലിയ്ക്കാന്‍ ബാങ്ക് ജീവനക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ചെറുപ്പക്കാരന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ബാങ്കില്‍ വന്ന് പ്രതിഷേധിച്ചത്.
രണ്ട് മാസം മുമ്പ് ഗണേഷിനെ ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് കെ.ഇ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി ചെലവുകള്‍ക്ക് പണം ആവശ്യമായി വന്നപ്പോള്‍ ഗണേഷിന്റെ അക്കൗണ്ടിലുള്ള 25,000 രൂപ പിന്‍വലിക്കാന്‍ തങ്ങളെ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഗണേഷിന്റെ ബന്ധുക്കള്‍ ബാങ്ക് അധികൃതരെ സമീപിച്ചു. എന്നാല്‍ അതിനുള്ള നിര്‍വാഹമില്ലെന്നും ഗണേഷ് എത്തിയാല്‍ മാത്രമേ ബാങ്കില്‍ നിന്നും പണം പിന്‍വലിയ്ക്കാനാകൂ എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. ബാങ്ക് നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ബാങ്ക് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
ഇതിനായു പലതവണ ബന്ധുക്കള്‍ ബാങ്കിന്റെ പടികയറി ഇറങ്ങി. ഗണേഷ് കാമ്പിളിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ ബാങ്ക് മാനേജര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഗണേഷ് കാമ്പിളിന്റെ ഫോട്ടോ ബാങ്ക് അധികൃതരെ കാണിച്ചപ്പോള്‍ ഗണേഷിന്റെ ഒപ്പ് കിട്ടിയാല്‍ പണം പിന്‍വലിയ്ക്കാന്‍ അനുമതി നല്‍കാമെന്ന നിലപാടെടുത്തു.
എന്നാല്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒരാളുടെ ഒപ്പ് വേണമെന്ന് പറയുന്ന കാര്യം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഗണേഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിയ്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ സഹോദരന്‍ ജീവിച്ചിരിപ്പില്ല എന്ന് ഗണേഷിന്റെ സഹോദരി പറഞ്ഞു. ഇത്രയൊക്കെയായിട്ടും ഗണേഷിന്റെ അക്കൗണ്ടിലുള്ള പണം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
Post Your Comments