തിരുവനന്തപുരം : കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയ വിദേശ വനിതയുടെ ജീര്‍ണിച്ച മൃതദേഹം കാണാതായ ലാത്വിയ സ്വദേശി ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ശരീരത്തിലുള്ള ജാക്കറ്റ് ആരുടേതെന്ന ദുരൂഹത തുടരുന്നു. തലമുടിയിലെ ഹെയര്‍ക്ലിപ്പ്, ടി-ഷര്‍ട്ട്, ഹാഫ് പാന്റ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണു സഹോദരി ഇലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രവുമല്ല മൃതദേഹത്തിലുള്ള ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ല.
തല വേര്‍പെട്ട് വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍
ലിഗയെ ചികിത്സിച്ച ആയുര്‍വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാകുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടി-ഷര്‍ട്ട് ധരിച്ചാണ് ലിഗ അന്നു പുറത്തുപോയത്. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ, കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണമാണു ശരീരം. ശിരസ് മുറിഞ്ഞു മാറിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. മൃതദേഹം പഴകിയതിനെത്തുടര്‍ന്ന് തല അടര്‍ന്നു വേര്‍പെട്ടതാകാമെന്നാണു പൊലീസ് നിഗമനം. ശരീരത്തില്‍ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.
വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസ് പരാതി നല്‍കിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചു. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചത്. മറ്റ് ജില്ലകളിലേക്കും ഇവര്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
Post Your Comments