ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു. പ്രവേശനം അസാധുവാക്കിയ ഹൈക്കോടതി വിധി ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
മലബാര്‍ മെഡിക്കല്‍ കോളെജിലെ പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതി പ്രവേശം റദ്ദുചെയ്തത് ശരിവെയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നും മാനേജ്‌മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ കരുണ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും മലബാര്‍ മെഡിക്കല്‍ കോളെജ് വിഷയത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ പിന്തുണയ്ക്കുകയായിരുന്നു. മലബാര്‍ മെഡിക്കല്‍ കോളെജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2016-2017 വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് ഇതോടെ കുരുക്കിലായത്. വിദ്യാര്‍ത്ഥികള്‍ മാനദണ്ഡം ലംഘിച്ചാണ് പ്രവേശനം നേടിയതെന്നായിരുന്നു വാദം. പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രേഖകള്‍ നല്‍കിയില്ല. കോളെജും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും സമിതി ആരോപിച്ചിരുന്നു.
Post Your Comments