ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്‍പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്‍പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം നിലവില്‍ വന്നത്. വ്യാപാരികള്‍ ഉടനടി തന്നെ നിര്‍ദ്ദേശം പാലിയ്ക്കുകയും വ്യാപാര കേന്ദ്രങ്ങള്‍ നവീകരിയ്ക്കുകയുമായിരുന്നു. നിര്‍ദേശം കര്‍ശനമായി പാലിക്കുന്നവര്‍ക്കാണ് വ്യാപാര ലൈസന്‍സ് ലഭ്യമാവുക. ഇതു സംബന്ധിച്ച വിജ്ഞാപനം സാമ്പത്തിക വികസന വകുപ്പ് 2016ല്‍ ഇറക്കിയിരുന്നു. 2018 അവസാനത്തോടു കൂടി എല്ലാ വ്യാപാര കേന്ദ്രങ്ങളും പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ ഓരോ വ്യാപാര കേന്ദ്രങ്ങളേയും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കച്ചവട രംഗത്ത് ഈ മാറ്റം കൊണ്ടു വരുന്നത്.
പുതിയ ചട്ട പ്രകാരം കടകളുടെ ഉള്‍വശം , പുറം ഭാഗം ഉത്പന്നങ്ങളില്‍ കൊടുക്കേണ്ട ലോഗോ എന്നിവയുടെ കാര്യത്തില്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ പാലിക്കാന്‍ കഴിയും വിധമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സീലിങ്ങ്, ഉത്പനങ്ങളുടെ ഷെല്‍ഫിങ് തുടങ്ങി വ്യാപാര കേന്ദ്രത്തിലെ വെളിച്ച സംവിധാനം വരെ എപ്രകാരം വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി പാലിയ്ക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments