കണ്ണൂർ: ക്വാറികളുടെ പേരിൽ കടത്തിക്കൊണ്ടു വരുന്ന സ്ഫോടക വസ്തുക്കൾ ബോംബ് നിർമ്മാണത്തിന് വൻതോതിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്ഫോടക വസ്തുക്കൾ രാഷ്ട്രീയ ക്രിമിനലുകൾ കൈക്കലാക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.രാഷ്ട്രീയ സംഘർഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില ജില്ലകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് സ്ഫോടകവസ്തുക്കൾ കടത്തി കൊണ്ടുവരുന്നുണ്ട്.
രാഷ്ട്രീയ ആക്രമണങ്ങൾ നടക്കുമ്പോൾ പ്രധാന സാമ്പത്തിക സ്രോതസും ഇത്തരം അനധികൃത ഇടപാടുകളാണ്. പടക്കവ്യാപാരവും ഇത്തരക്കാർ നടത്തുന്നുണ്ട്. അതിന്റെ പേരിലും വെടിമരുന്ന് ഉൾപ്പെടെ കടത്തുന്നുണ്ട്. രാഷ്ട്രീയ പിൻബലമുള്ളതിനാൽ പൊലീസ് റെയ്ഡ് നടത്തിയാലും തുടർനടപടി കാര്യമായി ഉണ്ടാകാറില്ല. ആ പഴുതാണ് കടത്തുകാർക്ക് എളുപ്പമാകുന്നത്. മാഫിയാ സംഘങ്ങളുടെ സഹായത്തോടെയാണ് കടത്ത്.
കണ്ണൂരിൽ രാഷ്ട്രീയ ആക്രമണങ്ങളും ബോംബ് നിർമ്മാണവും സജീവമായിരുന്ന പ്രദേശങ്ങളിൽ സ്ഫോടക വസ്തുക്കൾ കൂടുതലും എത്തുന്നത് സംശയത്തെ ബലപ്പെടുത്തുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തോടെ കണ്ണൂരിൽ കുറച്ചുനാളായി സമാധാന അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. അത് മറയാക്കിയും സ്ഫോടക വസ്തുക്കൾ എത്തിച്ച് സൂക്ഷിക്കുന്നു. അനധികൃത ക്വാറികളുടെ നടത്തിപ്പിൽ രാഷ്ട്രീയ കൊലപാതക കേസുകളിൽ ഉൾപ്പെട്ടവർക്കും പങ്കുണ്ടെന്ന വിവരം നേരത്തെയുണ്ട്.
Post Your Comments