പയ്യന്നൂര്‍: നടുറോഡില്‍ സിനിമാ നടനും ഓട്ടോക്കാരും തമ്മില്‍ കയ്യാങ്കളി. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിനിമാ നടനേയും കുടുംബത്തേയും ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ തേടിയപ്പോള്‍, നടന് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരായ അനില്‍കുമാര്‍, ശൈലേഷ് എന്നിവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ പയ്യന്നൂര്‍ അമ്പലം റോഡിലാണ് സംഭവം. സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു നടനും കുടുംബവും.
സിനിമാ നടനും സോഫ്റ്റ്വെയര് എന്‍ജിനിയറുമായ പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ എ.പി .പ്രവീണ്‍ കുമാര്‍ (33), ഭാര്യ രാധിക, രണ്ടു വയസുള്ള മകള്‍ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 07 സി എം 13 22 കോംപസ് ജീപ്പ് എതിരെ വന്ന ലോറി മൂലം മുന്നോട്ടെടുക്കാന്‍ പറ്റിയില്ലെന്നും ഇതില്‍ പ്രകോപിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രവീണ്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്നും തടയാന്‍ ശ്രമിച്ച ഭാര്യയേയും കൈയിലിരുന്ന കുട്ടിയേയും പിടിച്ചു വലിച്ചെന്നുമാണ് പ്രവീണിന്റെ പരാതി.
ഇതിനിടയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ കുരുമുളക് സ്പ്രേയടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു. പ്രവീണ്‍ കുമാറിന്റെ വാഹനം പോലീസ് കസ്റ്റഡിയിലാണ്. അതേസമയം റോഡിലുള്ള ഓട്ടോറിക്ഷകളുള്‍പ്പെടെ കടന്നുപോകുന്ന ചെറിയ സ്ലാബിന് മുന്നില്‍ വാഹനം നിര്‍ത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ പ്രവീണ്‍ കുമാറിനോട് വാഹനം മുന്നോട്ടെടുക്കാന്‍ ആവശ്യപെട്ടപ്പോള്‍ പ്രകോപിതനായ ഇയാള്‍ വഴിയാത്രക്കാരുള്പ്പെടെയുള്ളവരുടെ കണ്ണിലേക്ക് സ്പ്രേയടിക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. ഏതായാലും സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments