പുരോഗമന കേരളം പോകുന്നതെങ്ങോട്ട്!! പ്രതിഷേധം പോലും വ്യാജമാകുന്ന ഈ കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ചുക്കാന്‍ പിടിക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. കത്വയും പെരുമ്പാവൂരും ഭോപ്പാലും എല്ലാം ഇന്ത്യയില്‍ തന്നെയാണ്. എന്നാല്‍ വര്‍ഗ്ഗീയ സാധ്യത നോക്കി ജാതിമത അടിസ്ഥാനത്തില്‍ വ്യാജ പ്രതിഷേധം പ്രകടിപ്പിച്ച്കൊണ്ട് രാഷ്ട്രീയ ലക്‌ഷ്യം മാത്രം നോക്കുന്ന സുടാപ്പികള്‍ (എസ്ടിപിഐ) കേരളത്തിനു അപമാനമാണ്.
ആരാണ് ആഹ്വാനം ചെയ്തതെന്ന് അറിയാത്ത ഈ ”വാട്സാപ്പ് ഹര്‍ത്താലിന്‍റെ” പേരില്‍ വ്യാപക അക്രമത്തിനാണ് വടക്കന്‍ ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും പെട്രോള്‍ പമ്പ് ആക്രമിക്കുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ദേശീയപാതയിലടക്കം രാവിലെ മുതല്‍ റോഡ് ഉപരോധിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തിറങ്ങിയതോടെ ആയിരങ്ങളാണ് പെരുവഴിയില്‍ കുടുങ്ങിയത്. പലയിടത്തും കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. റോഡ് ഉപരോധം ചോദ്യം ചെയ്ത വഴിയാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും നേരേയും ഭീഷണിയുണ്ടായി. എന്നാല്‍ ഈ ഹര്‍ത്താല്‍ നടന്ന ദിവസം സത്യത്തില്‍ എന്താണ് നടന്നത്. ചില ക്രിമിനലുകളുടെ അഴിഞ്ഞാട്ടവും പകല്‍കൊള്ളയും ആയിരുന്നില്ലേ? അതിനു തെളിവാണ് തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലിനിടെ വടക്കന്‍ ജില്ലകളില്‍ വര്‍ഗ്ഗീയ വികാരം അഴിച്ചുവിടാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തല്‍. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം എന്താണെന്ന് പോലീസ് പരിശോധിക്കുമെന്നും മുന്‍കരുതലെന്ന നിലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ത്താല്‍: പിടിയിലായവരിലേറെയും എസ് ഡി പി ഐ -ലീഗ് പ്രവര്‍ത്തകര്‍, 20 പോലീസുകാര്‍ക്ക് പരിക്ക്
സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ പേരില്‍ വ്യാജ ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചു വിട്ട ആയിരത്തോളം പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ മതജാതി ഭേദമില്ലാത്ത ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് അക്രമങ്ങള്‍ നടന്നതെങ്കിലും സത്യം പറഞ്ഞാല്‍ ആ ഹര്‍ത്താലിനെ വിശേഷിപ്പിക്കേണ്ടത് ജനകീയ – റോഡ് ഉപരോധ – ബേക്കറി കുത്തിത്തുറപ്പ് – ലഡ്ഡു ജിലേബി മോഷണ – നീതി ഉറപ്പാക്കൽ ഹർത്താല്‍ എന്നാണു. ഈ പ്രതിഷേധ കലാപരിപാടി നടത്തിയവരില്‍ പിടിയിലായതിലേറെയും എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ബേക്കറികളില്‍ അതിക്രമിച്ചു കയറി സാധനങ്ങള്‍ കട്ടെടുത്ത ലഡ്ഡു ജിലേബി മോഷണ – നീതി ഉറപ്പാക്കൽ ഹർത്താലിൽ പങ്കെടുത്തതില്‍ അറസ്റ്റിൽ ആയ 951 ആളുകളുടെ രാഷ്ട്രീയ പാർട്ടി തിരിച്ചുള്ള കണക്കുകള്‍ പുറത്ത്. മുസ്ലിം ലീഗ് – 270, സുടാപ്പി- 265, സിപിഎം- 125, കോൺഗ്രസ്-60, രാഷ്ട്രീയം ഇല്ലാത്തവർ – 235. സംസ്ഥാനത്താകമാനം 350 കേസുകളാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറെ രസകരം മുസ്‌ലിം ലീഗ് ആരോപിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ഒരാളെ പോലും കേസില്‍ അറസ്റ് ചെയ്തിട്ടില്ല എന്നതാണ്.
ഹര്‍ത്താലില്‍ സംഘര്‍ഷം വ്യാപകമായി നടന്ന വടക്കന്‍ കേരളത്തിലെ 5 ജില്ലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. സംഘര്‍ഷങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ രാഷ്ട്രീയ പാര്‍ട്ടികളും പോലീസ് നിരീക്ഷണത്തിലാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമായിരുന്നു. അറസ്റ്റിലായവരിലും, കേസില്‍ പെട്ടവരിലും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതു കൊണ്ടു തന്നെ പോലീസ് നിരീക്ഷണത്തിലാണ്. നിരോധനാജ്ഞയെ തുടര്‍ന്ന് എസ്ഡിപിഐ കോഴിക്കോട് നഗരത്തില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് മാറ്റി വച്ചെങ്കിലും മുപ്പതിന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കനാണ് തീരുമാനം.
കശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന സംഭവത്തില്‍ നീതി കിട്ടാന്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് അക്രമങ്ങളെല്ലാം നടന്നത്. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ ഗതാഗതം തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഹര്‍ത്താലിനെ ലീഗ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അറസ്റ്റിലായതില്‍ കൂടുതല്‍ പേരും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍.
Post Your Comments