KeralaLatest NewsNews

ഹര്‍ത്താല്‍: പിടിയിലായവരിലേറെയും എസ് ഡി പി ഐ -ലീഗ് പ്രവര്‍ത്തകര്‍, 20 പോലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ പേരില്‍ ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചു വിട്ട നൂറോളം പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ മതജാതി ഭേദമില്ലാത്ത ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് അക്രമങ്ങള്‍ നടന്നതെങ്കിലും പിടിയിലായതിലേറെയും എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. അതെ സമയം ഹർത്താലിനെതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.

കത്തുവ സംഭവത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ വര്‍ഗീയ ചേരിതിരുവുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചില സങ്കുചിത താല്‍പ്പര്യക്കാര്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ഹര്‍ത്താലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച്‌ ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പറഞ്ഞു.

അതെ സമയം ആരാണ് ആഹ്വാനം ചെയ്തതെന്ന് അറിയാത്ത ഹര്‍ത്താലിന്‍റെ പേരില്‍ വ്യാപക അക്രമത്തിനാണ് മലബാറിലെ ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. ആറോളം കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും പെട്രോള്‍ പമ്പ് തകർക്കുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ വഴിയാത്രക്കാരുമായും വ്യാപാരികളുമായും വാക്കേറ്റം നടത്തി.

ഹര്‍ത്താലാണെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ 25 പേരെപോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച്‌ വാഹനഗതാഗതം മുടക്കി. ഇവിടെ പൊലീസ് ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു. കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുകൊണ്ടാണ് കടകള്‍ അടപ്പിച്ചത്. കോഴിക്കോട് മിഠായിത്തെരുവിലും ഏതാനും ചില കടകള്‍ അടപ്പിച്ചു. പീന്നിട് പൊലീസ് സംരക്ഷണത്തില്‍ ഉച്ചയോടെ കടകള്‍ തുറന്നു.

മുക്കത്ത് വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മാത്തോട്ടം, കിണാശ്ശേരി, താമരശ്ശേരി, ചുടലമുക്ക്, ഈങ്ങാപ്പുഴ, പൂനൂര്‍, കൊടുവള്ളി, വടകര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കൃത്യമായ നേതൃത്വം ഇല്ലാത്ത ഇത്തരം സോഷ്യല്‍മീഡിയ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.എന്തെങ്കിലും കാരണം പറഞ്ഞ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജനജീവിതം സ്തംഭിപ്പിച്ച് സമരം നടത്താന്‍ അവസരമൊരുക്കുന്നത് കടുത്ത അരക്ഷിതാവസ്ഥയാവും സൃഷ്ടിക്കുകയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button