ദുബായ് : ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍. എന്നാല്‍ ആഭരണങ്ങള്‍ തിരിച്ചുകിട്ടി. 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളാണ് ഇന്ത്യന്‍ കുടുംബത്തിന് തിരിച്ചുകിട്ടിയത്. ശുചീകരണ തൊഴിലാളിയാണ് സ്വര്‍ണാഭരണങ്ങള്‍ പോലീസിനെ ഏല്പിച്ചത്. തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയുമായി ഇന്ത്യന്‍ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ശുചീകരണ തൊഴിലാളി കളഞ്ഞുകിട്ടിയ സ്വര്‍ണം പോലീസിനെ ഏല്പിച്ചുകഴിഞ്ഞിരുന്നു.
ഖിസൈസ് ഏരിയയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവമെന്ന് ദുബായ് പോലീസ് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് ബിന്‍ സഫ് വാന്‍ പറഞ്ഞു. ബാഗിനുള്ളിലിട്ട സ്വര്‍ണാഭരണങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളിലിട്ട് വച്ചിരിക്കുകയായിരുന്നു. അത് ചപ്പുചവറാണെന്ന് കരുതി വീട്ടുജോലിക്കാരി കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞു.
പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ തങ്ങളുടെ ആഭരണം അവിടെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഒറ്റനോട്ടത്തില്‍ തന്നെ സ്വര്‍ണം തിരിച്ചറിയുകയും ചെയ്തു. പിന്നെ, ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു മുഖത്ത്.
Post Your Comments