തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.
കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ക്കു സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനും പരിശീലനം നല്‍കി നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഓരോ പൊലീസ് സ്റ്റേഷനിലെയും മൂന്നു പേര്‍ക്കു ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പരിശീലനം നല്‍കി സ്റ്റേഷനുകളില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും പ്രാപ്തരാക്കുക എന്നതാണു ലക്ഷ്യം.
ഇപ്പോള്‍ തിരുവനന്തപുരത്തു സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ നിലവിലുണ്ട്. ഇതോടൊപ്പം എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ പുതുതായി ആരംഭിക്കും. ഇതോടൊപ്പമാണു പൊലീസ് സ്റ്റേഷനുകളില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലുകള്‍ രൂപീകരിക്കുന്നത്
Post Your Comments