തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ സമീപകാലത്ത് അവതാരകര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തെയും മര്യാദകേടിനെയും വിമര്‍ശിക്കുകയാണ് എഴുത്തുകാരനായ ടി.പി.രാജീവന്. മാതൃഭൂമി ചാനലിലെ രാത്രി ചര്‍ച്ചയില്‍ അവതാരകന് വേണു ബാലകൃഷ്ണന് ഒരു അതിഥിയെ അപമാനിച്ചത് ചൂണ്ടിക്കാട്ടി രാജീവന് ചോദിക്കുന്നു: മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്‍ത്താ വായനക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയന്, വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്, കുമ്മനം രാജശേഖരന് മുതലായവരോട് ഇവര്‍ ഇങ്ങനെ പറയുമോ?
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ഇതാണോ മാധ്യമ മര്യാദ. ഇന്നലെയോ, മിനിഞ്ഞാന്നോ.. കൃത്യമായി പറയാന്‍ പറ്റില്ല. മാതൃഭൂമി ചാനലില്‍, രാത്രി ചര്‍ച്ചയില്‍ ഒരു സീന്‍ ഇങ്ങനെ. അവതാരകന് വേണു എന്തോ ഒരു ചോദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളോട് ചോദിക്കുന്നു. അയാള്‍ അന്നത്തെ വിഷയം ചര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തതില്‍ വേണുവിനെ അഭിനന്ദിക്കുന്നു.
വേണു പറയുന്നു: ”അഭിനന്ദനം കയ്യില്‍ വച്ചാല്‍ മതി. ”ചോദിച്ചതിനു ഉത്തരം പറയൂ…”അയാള്‍ ആരോ, ഏതു പാര്‍ട്ടിക്കാരനോ ആയിക്കോട്ടെ. ഇനി കൊടും കുറ്റവാളി തന്നെ ആണെങ്കിലും, ഇതാണോ മാധ്യമ മര്യാദ? ക്ഷണിച്ചു വരുതിയതല്ലേ അയാളെ?
”എന്നാല്‍ തന്റെ ചോദ്യവും കയ്യില്‍ വച്ചാല്‍ മതി എന്ന് പറഞ്ഞു ഇറങ്ങി പോകുകയാണ് അയാള്‍ ചെയ്യേണ്ടി ഇരുന്നത്. പാവം ആദ്യമായി ചാനല്് ചര്‍ച്ചക്ക് വന്നതുകൊണ്ട് ആയിരിക്കും അയാള്‍ പിന്നെയും. അവിടെ ഇരുന്നു. എന്തെല്ലാമോ പറഞ്ഞു. അവതാരകന് വിധി കര്‍ത്താവായി അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി ചിരിച്ചു.
ഇപ്പോള്‍ പല ചര്‍ച്ചകളിലും ആളെ കിട്ടാന്‍ ഇല്ലാത്തതുകൊണ്ട് താഴെ പടവിലുള്ള ആരെയെങ്കിലും വിളിച്ചു വരുത്തുന്ന പതിവാണ് കാണുന്നത്. അടുത്ത് തന്നെ അതും കിട്ടാതെ ആവും. ജനത്തിന് മടുത്തു സാര്‍, ഈ ഏകപക്ഷീയമായ വിജയങ്ങള്‍…
മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്‍ത്താ വായനക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയന്, വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്, കുമ്മനം രാജശേഖരന് മുതലായവരോട് ഇവര്‍ ഇങ്ങനെ പറയുമോ?
ചാനലുകളില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഈ യുവതുര്‍ക്കി കള്‍ എന്തെങ്കിലും പറയുമോ? എത്രയോ കുട്ടികള്‍ ശരിയായി വേതനം പോലും കിട്ടാതെ, വെറും വേദന മാത്രം കിട്ടി പല പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യുന്നതായി കേട്ടിട്ടുണ്ട്. വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകള്‍ സ്വന്തം മുതലാളിമാര്‍ക്കെതിരെ ഉയരുമോ?
നേഴ്സുമാര്‍ തെരുവില്‍ സമരത്തിന് ഇറങ്ങിയത് പോലെ മാധ്യമ പ്രവര്‍ത്തരും ചുരുങ്ങിയ വേതനത്തിനു വേണ്ടി സമരം ചെയ്യുന്ന കാലം ദൂരെ അല്ല എന്ന് ഓര്‍ക്കണം.’
Post Your Comments