Devotional

ഭക്തയും ഭഗവാനും തമ്മിലുളള തീവ്രബന്ധമാണ് ഗുരുവായൂര്‍ അമ്പലനടയിലെ മഞ്ചാടിവാരലിനു പിന്നിലെ കഥ

ഗുരുവായൂര്‍കണ്ണന്റെ തിരുനടയില്‍ എത്തിയാല്‍ മഞ്ചാടി വാരുന്ന ഒരു ചടങ്ങുണ്ട്. മഞ്ചാടിക്കുരു നിറച്ച വാര്‍പ്പില്‍ പണം വെച്ചിട്ട് മൂന്നുതവണ മഞ്ചാടിക്കുരു വാരുന്ന ഈ വഴിപാട് കൂടുതലായും കുട്ടികളാണ് ചെയ്യാറുളളതെങ്കിലും മുതിര്‍ന്നവരും ഈ ചടങ്ങ് അനുഷ്ഠിച്ചുവരുന്നു. കുട്ടികള്‍ക്ക് മഞ്ചാടിവാരല്‍ കുസൃതികാട്ടാനുളള ഒരു അവസരം കൂടിയാണ്. യഥേഷ്ടം വാരിക്കളിക്കാന്‍ ഗുരുവായുര്‍ കണ്ണന്റെ മഞ്ചാടിക്കുരുക്കള്‍ ഭക്തരെ കാത്തിരിക്കുന്നു എന്നുള്ളപ്പോഴും അമ്പാടിക്കണ്ണന്റെ ഒരൊറ്റ മഞ്ചാടിക്കുരുപോലും വാര്‍പ്പില്‍ നിന്നും ആരും സ്വന്തമാക്കാന്‍ പാടില്ല എന്നതാണ് ചിട്ട. താഴെവീഴുന്നത് എടുക്കുന്നതില്‍ വിലക്കില്ല.

കൃഷ്ണന് മഞ്ചാടിക്കുരു പ്രിയമുളളതാകാന്‍ കാരണമുണ്ട്. ആ കഥ ഇങ്ങനെയാണ്. വടക്കന്‍ കേരളത്തിലെ ഒരുഗ്രാമത്തില്‍ ജീവിച്ചിരുന്ന കൃഷണഭക്തയായ ഒരുസാധുസ്ത്രിക്ക് ഗുരുവായൂരിലെത്തി കണ്ണനെകണ്‍കുളിര്‍ക്കെകണ്ടു തൊഴാന്‍ അതിയായ ആഗ്രഹമായിരുന്നു. ഗുരുവായൂരപ്പനെ ഒന്നുകാണാനായി മനസുകൊതിച്ച അവര്‍ക്ക് സാഹചര്യങ്ങള്‍ പക്ഷേ അനുകൂലമായിരുന്നില്ല. പോകാന്‍ പരിചയമില്ലാത്ത സ്ഥലം, കൊണ്ടുപോകാനും ആരുമില്ല. എങ്കിലും ഭക്തി കൊണ്ട് അവര്‍ തന്റെ പ്രതിക്ഷയെ കാത്തുസൂക്ഷിച്ചു. കൃഷ്ണന്‍മാത്രം മനസില്‍ നിറഞ്ഞുനിന്ന അവര്‍ക്ക് കണ്ണനെകാണുമ്പോള്‍ എന്തുനല്കണം എന്നകാര്യത്തില്‍ ഒരുധാരണയും ഇല്ലായിരുന്നു. കയ്യിലാണെങ്കില്‍ ധനം തീരെ ഇല്ലതാനും. കണ്ണനു കാണിക്കനല്‍കാന്‍ പറ്റിയത് എന്തെന്ന ആലോചനകൂടെ ഉളളതിനാല്‍ കാണുന്ന ഓരോന്നിലും ഏറ്റവും പറ്റിയതെന്തെന്ന ചിന്തയോടെയാണ് ദിനങ്ങള്‍ കഴിച്ചത്. നടവഴിയൊന്നില്‍ ഭംഗിതൂവിക്കൊണ്ട് നില്ക്കുന്ന മഞ്ചാടിമരത്തിന്റെ കടുംചുവപ്പ് മണികളെ ആദ്യമായി കണ്ടനാള്‍ മുതല്‍ കണ്ണന്‍ നല്കാന്‍ നല്ലത് മഞ്ചാടിമണികളുടെ ഈ ചേലുതന്നെ എന്നുറപ്പിച്ച സ്ത്രി അവ പെറുക്കി സൂക്ഷിച്ചു. അമൂല്യരത്‌നങ്ങളെ പരിപാലിക്കുംപോലെ അവള്‍ മഞ്ചാടിക്കുരു തൂത്തുമിനുക്കി ഒരുസഞ്ചിയിലാക്കി. ഭൂമിയില്‍, താന്‍ കണ്ടതില്‍വെച്ചേറ്റം സുന്ദരമായ വസ്തുവിനെ കാത്തുസൂക്ഷിച്ച് അവയുടെ ഭംഗികണ്ട് മനം നിറഞ്ഞ് ആ കൃഷ്ണഭക്ത ദിനങ്ങളെണ്ണി കാലം കഴിച്ചു. കാശിനുവിലയില്ലാത്ത മഞ്ചാടിക്കുരു വാരിക്കൊണ്ടുപോയി ഭഗവാനുകൊടുക്കാന്‍ ഒരുങ്ങുന്ന സത്രിയുടെ പൊട്ടത്തരം പറഞ്ഞ് ആളുകള്‍ അവളെ കളിയാക്കി. എന്നാല്‍ അവള്‍ക്ക് യാതൊന്നും തോന്നിയില്ല. കണ്ണനെ ഒന്നുകാണണം മഞ്ചാടിമണികള്‍ അര്‍പ്പിക്കണം. കണ്ണന്‍ മഞ്ചാടി മണികള്‍ കാണുന്ന ദിനങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അപമാനങ്ങള്‍ അവളില്‍നിന്നും മാറിപ്പോയി.

ഒരുവര്‍ഷം കടന്നുപോയി. നിധിപോലെ കൂട്ടിവെച്ച മഞ്ചാടിമണികളെ അവള്‍ ഒരുസഞ്ചിയിലേക്ക് നിറച്ചു. രാത്രിയില്‍ മാറോടടക്കിയ മഞ്ചാടിമണികള്‍ക്കൊപ്പം അവള്‍ കിടന്നുറങ്ങി. നേരംവെളുക്കും മുമ്പെ കുന്നുംമുകളിലെ വീടുവിട്ടിറങ്ങി ഗുരുവായൂര്‍ലക്ഷ്യമാക്കി നടന്നു. എതുവഴി ?എങ്ങോട്ട?് ആരുണ്ട് തുണ? എന്നൊന്നും അറിയില്ല, എങ്കിലും കാലുകള്‍ നയിച്ചിടത്തേക്ക് അവള്‍ നടന്നു. കാടും,പുഴയും താണ്ടിയുളള അവളുടെ യാത്രക്കിടയില്‍ പലരും അവളെ പരിഹസിച്ചു. ചിലര്‍ ഉപദേശിച്ചു, ഈ ഭ്രാന്തുനിര്‍ത്തി തിരി്‌കെപ്പോകാന്‍. പക്ഷേ ഒന്നും അവള്‍ ഉളളിലേക്കെടുത്തില്ല. ഒരുലക്ഷ്യം മാത്രം, ഗുരുവായൂരപ്പന്‍. മനസൂന്നി നടക്കുമ്പോഴും പകലത്തെ നിര്‍ത്താതെയുളള യാത്രകള്‍ അവളുടെ ശരീരത്തിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പുലര്‍ച്ചെയായാല്‍ മുട്ടുവേദനയോടെകൂടി എഴുന്നേറ്റ് യാത്രതുടരുന്ന അവള്‍ രാത്രിയോടെ വഴിയരികിലെവിടെയെങ്കിലും തളര്‍ന്നുവീഴും. അപ്പോഴും ചുണ്ടില്‍ അവളൊരു പുഞ്ചിരി കരുതിവെച്ചിരിക്കും. കണ്ണനോടുളള അവളുടെ ഭക്തിയും വിശ്വാസവും അത്രത്തോളം വലുതായിരുന്നു. കണ്ണുകളില്‍ സ്വപ്‌നവുമായുളള ആയാത്ര നാല്പ്പത്തിനാലുദിനങ്ങള്‍ തുടര്‍ന്നു. ശരീരത്തെ തള്ളിക്കൊണ്ട് മുന്നോട്ടുപോകുകയാണ് അവള്‍. വഴിയറിയാതെ തെരുവുകളില്‍ അലഞ്ഞു. ഇനികഴിയില്ല ഒരടിപോലും വെക്കാനെന്ന ശരീരത്തിന്റെ മുന്നറിയിപ്പും അതിജീവിച്ച് ഒടുവില്‍ അവളതു കണ്ടെത്തി. ഗുരുവായൂരപ്പന്റെ തിരുനടയിലേക്കുളള വഴിയിലാണ് താനെത്തിയിരിക്കുന്നതെന്ന സത്യം സ്വപ്‌നം പോലെ അവള്‍ക്കനുഭവപ്പെട്ടു.

ഇഷ്ടദേവനെ കാണാനുളള ആഗ്രഹത്തില്‍ അവള്‍ മുന്നോട്ടുപോയി. അപ്പോഴാണ് അവളിലെ പാതിതളര്‍ന്ന ശരീരത്തിലേക്കും ഇന്ദ്രിയങ്ങളിലേക്കും ആരുടെയൊക്കെയോ വാക്കുകള്‍ വന്നു വീണത്. ആളുകള്‍ പറയുന്നുണ്ടായിരുന്നു, ഇന്ന് ഒന്നാംതീയ്യതിയാണ്. ഗുരുവായൂരപ്പന്റെ ഭക്തനായ നാടുവാഴി മുടക്കം വരുത്താതെ കണ്ണനെക്കാണാന്‍വരുന്നദിനം. കണ്ണനോടുളള ഭക്തികെണ്ട് ആനയെ നടക്കിരുത്താനാണ് നാടുവാഴിയുടെ വരവ്. മഞ്ചാടിക്കുരുവും മാറിലടക്കി നടന്നു വന്ന ഭക്തയായ സ്ത്രി ഇതെല്ലാം കേട്ട് പതിയെനടന്നു . ആഘോഷങ്ങളും ആര്‍ഭാടവും ഒന്നും അവള്‍ക്ക് കണ്ണനോടുളള ഭക്തിയോളം വരില്ലല്ലോ.

ഈ സമയം ഗുരുവായൂര്‍നടയില്‍ അന്തരീക്ഷം മാറിത്തുടങ്ങി. അധികാരത്തിന്റെയും സമ്പത്തിന്റെയും അഹങ്കാരവും ഗര്‍വ്വും പ്രകടമാകാന്‍ തുടങ്ങി. വഴിക്കച്ചവടക്കരെന്നോ ഭക്തരെന്നോ വേര്‍തിരിവില്ലാതെ എല്ലാവരെയും നാടുവാഴിയുടെ കാവല്ക്കാരും സഹായികളും ചേര്‍ന്ന് ആട്ടിയോടിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെപ്പോലും നാടുവാഴിയുടെ ആള്‍ക്കാര്‍ ആട്ടിയൊതുക്കുന്ന സമയത്താണ് മാറില്‍ ചേര്‍ത്തുപിടിച്ച മഞ്ചാടിസഞ്ചിയുമായി ഭക്തയായസ്ത്രി ഗുരുവായൂരപ്പനെ ലക്ഷ്യമാക്കി നടന്നുവരുന്നത്. ഉന്തലും തളളവും ആക്രോശങ്ങള്‍ക്കും ഇടയില്‍പ്പെട്ടപ്പോഴും മാറിലടക്കിയ മഞ്ചാടിമണികള്‍ അമൂല്യനിധിയെന്നോണം അവള്‍ താഴെവീഴാതെ മുറുകെപ്പിടിച്ചു. തളര്‍ന്ന് അവശയായ ആ സ്ത്രീരൂപത്തെകണ്ടപ്പോള്‍ നാടുവാഴിയുടെ സഹായികള്‍ അവളെപരിഹസിച്ചു, കളിയാക്കി ഒടുവില്‍ ഉന്തിപുറത്താക്കുകയും ചെയ്തു. അത്രനേരവും താഴേവീഴാതെ ജീവനെക്കാളേറെ കാത്തുസൂക്ഷിച്ചിരുന്ന അവളുടെ ഭക്തിയുടെ ആ മരതകമണികള്‍ ശക്തിയറ്റ ആ കൈകളില്‍ നിന്നും ഊര്‍ന്നു താഴേക്കുവീണു. ആ മഞ്ചാടിമണികളെ അവള്‍ കാത്തുസൂക്ഷിച്ചതിന്റെ കരളുരുക്കം അറിയാത്തവര്‍ അവളെകടന്നുപോയി. ശരീരത്തിന്റെ ബലത്തിലല്ല, ഭക്തിയുടെ ബലത്തിലാണ് അവള്‍ കണ്ണനെകാണാനെത്തിയത്. കാത്തുസൂക്ഷിച്ച സ്വപ്നം കണ്ണന്റെ തിരുനടയിലെ തറയില്‍ വീണുചിതറി. ആ മഞ്ചാടിമണികളിലേക്ക് മനസുരുകിയതുപോലെ അവളുടെ കണ്ണുകളില്‍ നിന്നും ഒരു ഒരുനീര്‍ത്തുള്ളി വീണു ചിതറി. കണ്ണനു കാണിക്ക നല്‍കാന്‍കഴിയാതിരുന്ന ആ മഞ്ചാടിമണികള്‍ക്കൊപ്പം ഒരുനീര്‍മണി കൂടി അവളേകി.

ഭക്തിയുടെ കണ്ണുനീര്‍വീണ നടയില്‍ ഒരുചിന്നംവിളിമുഴങ്ങി. നാടുവാഴിയുടെ ആന ഇടഞ്ഞു. കണ്ണില്‍കണ്ടതെല്ലാം തകര്‍ത്ത ആനയെ കണ്ട് ജനക്കൂട്ടം വിരണ്ടോടി. അന്തരീക്ഷം ഭയാനകമായപ്പോള്‍ നാടുവാഴി ആപല്‍ബാന്ധവനായ കൃഷ്ണനെ വിളിച്ചപേക്ഷിച്ചു. ശ്രീകോവിലില്‍നിന്നും ഒരുശബ്ദം മുഴങ്ങി. എവിടെ എന്റെ മഞ്ചാടിമണികള്‍.? എവിടെ എന്നെത്തേടിയെത്തിയ എന്റെ ഭക്ത.? എന്നെ ത്തേടിയെത്തിയ അവളെ അപമാനിക്കാനും വേദനിപ്പിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്? എന്നെമാത്രംനിനച്ച് മാറോടുചേര്‍ത്ത് അവളെത്തിച്ച എനിക്കായുളള സമ്മാനം എവിടെ… മഞ്ചാടിക്കുരുവുമായി കണ്ണനെത്തേടിയെത്തിയ സ്ത്രീയോട് ആളുകള്‍ മാപ്പിരന്നു. തൂവിപ്പോയ മഞ്ചാടിമണികള്‍ ശേഖരിച്ച് ഭക്തയായ സ്ത്രീയെയും കൂട്ടി ശ്രീകോവിലിനു മുന്നിലെത്തിച്ചപ്പോഴേക്കും വിരണ്ട ആന കലിയടങ്ങി ശാന്തനായി. ആ പരമഭക്തയുടെ അര്‍പ്പണവും, ഭഗവാന് അവരോടുളള സ്‌നേഹവും കണ്ടറിഞ്ഞവര്‍ ആ മഞ്ചാടിമണികള്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ വലിയ ഓട്ടുരുളിയില്‍ ഒരുനിധിയെന്നോണം സൂക്ഷിച്ചു. ഇന്നും ആ മഞ്ചാടിമണികള്‍ ഗുരുവായൂരപ്പന്റെ ഭക്തവാല്‍സല്ല്യത്തിന്റെ അടയാളമെന്നോണം ക്ഷേത്രത്തി നുളളിലുണ്ട്.

കേരളത്തിലെ മിക്ക കൃഷ്ണക്ഷേത്രങ്ങളിലും കാണപ്പെടുന്ന ഒരുചടങ്ങാണ് മഞ്ചാടി വാരല്‍. ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ മഞ്ചാടിവാരിയാല്‍ കുട്ടികള്‍ കുസൃതികളാകും എന്നും വിശ്വാസമുണ്ട്. കുട്ടികള്‍ കൃഷ്ണനെപ്പോലെ കുസൃതികള്‍ ആകാനും, ചുറുചുറുക്കില്ലാത്ത കുട്ടികളെ കുറുമ്പന്മാരാക്കാനും വേണ്ടിയും മഞ്ചാടിവാരല്‍ ചടങ്ങുനടത്തിവരുന്നു. മൂന്നുതവണ മഞ്ചാടിവാരുന്നതിലൂടെ ത്വക്ക്‌രോഗങ്ങള്‍ മാറുമെന്നും ഒരുവിശ്വാസമുണ്ട്.

ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ഉരുവിടുന്നതിന്റെ ഗുണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button