മലയാളക്കരയില്‍ നിന്നും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി മാറിയ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയനിയമത്തിലെ ശ്രദ്ധേയ കഥാപാത്രത്തിനു ശേഷം ഏറെ പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് നയന്‍സ് അടുത്തതായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്.
പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃത സിനിമയാണിതെന്ന പ്രത്യേകതയും ‘കോട്ടയം കുര്‍ബാന’യ്ക്കുണ്ട്. മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കോട്ടയമാണ് സിനിമയുടെ പശ്ചാത്തലം. മലയാളത്തില്‍ നായികാ കഥാപാത്രത്തെ നായകനോടൊപ്പം നിന്ന് അവതരിപ്പിച്ചതൊഴിച്ചാല്‍ നയന്‍സിനെ മാത്രമായി കേന്ദ്രീകരിച്ച് സിനിമകള്‍ ഉണ്ടായിട്ടില്ല.
അക്കൂട്ടത്തില്‍ ആദ്യത്തെ ചിത്രമാണ് കോട്ടയം കുര്‍ബാന. എന്നാല്‍ മലയാളമമൊഴിച്ചു മിക്ക ഭാഷകളിലും നയന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതു കൊണ്ട് തന്നെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അഭിപ്രായമുണ്ട്. ‘ നേരത്തെ ഒരുപാടു പേര്‍ കഥകളുമായി എത്തിയിരുന്നു. അതിലൊന്നും എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു. എന്നാല്‍ കോട്ടയം കുര്‍ബാനയില്‍ എന്നിലെ അഭിനേത്രിയ്ക്ക് ഒരുപാട് സാധ്യതയുണ്ട്. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ നയന്‍സ് പറയുന്നു.
ആനിമേഷന്‍ രംഗത്ത് തന്‌റെ കഴിവ് തെളിയിച്ച പ്രതിഭയാണ് മഹേഷ് വെട്ടിയാര്‍. മലയാളത്തിലെ ആദ്യ ആനിമേഷന്‍ ചിത്രമായ “സ്വാമി അയ്യപ്പന്‍” രചിച്ചതും സംവിധാനം ചെയ്തതും മഹേഷാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിക്കുന്നു. ക്ലോമേഷന്‍ പ്രഗത്ഭനായ ദിമന്ത് വ്യാസ് , ദേശീയ അവാര്‍ഡ് ജേതാവും ആനിമേറ്ററുമായ ചേതന്‍ ശര്‍മ്മ എന്നിവരും സിനിമയുടെ ഭാഗമാകും.
Post Your Comments