സാൻ ഫ്രാന്‍സിസ്കോ: പുതിയ കുരുക്കിൽ ഫെയ്സ്ബുക്ക്. അവരുടെ മുഖത്തിന്റെ ‘ഫീച്ചറുകൾ’ ഉൾപ്പെടെ ഉപയോക്താക്കളുടെ അനുവാദമില്ലാതെ പകർത്തുന്ന ‘ടൂൾ’ ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരിക. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയിൽ ഫെയ്സ്ബുക്കിനെതിരെ നിയമനടപടിക്കു നിർദേശിച്ചത് കലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജിയാണ്. ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങൾ ‘ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ’ ഉപയോഗിച്ച് ശേഖരിച്ചതിനാണു നടപടി.
കമ്പനി സ്ഥാപകൻ മാർക് സക്കർബർഗിന് അടുത്ത തിരിച്ചടിയേറ്റിരിക്കുന്നത് ഫെയ്സ്ബുക്കില്‍നിന്ന് 8.7 കോടി പേരുടെ വിവരങ്ങൾ ചോർത്തി സ്വകാര്യ കമ്പനി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയെന്ന വിവാദം നിലനിൽക്കുമ്പോഴാണ്. ഇന്ത്യക്കാരനായ നിമേഷ് പട്ടേൽ ഉൾപ്പെടെ ഒരു കൂട്ടം ഉപയോക്താക്കളാണു നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഫെയ്സ്ബുക്കിൽ 2010ലാണു വിവാദ വിഷയമായ ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാൻ സഹായിക്കുന്നതായിരുന്നു ടൂൾ. എന്നാൽ ‘ബയോമെട്രിക്’ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഇല്ലിനോയിൽ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണു ഹർജിക്കാരുടെ വാദം.
Post Your Comments