പ്രസവശേഷമുള്ള വയറ് കുറയ്ക്കാൻ പരീക്ഷിക്കാം ഈ കിടിലൻ കറി . തിരുവിതാംകൂർകാർക്കു നല്ലമുളക് ഒന്നേയുള്ളു. അതു കുരുമുളകാണ്. കുരുമുളകെന്നു ലോകം മുഴുവൻ പറയുമ്പോഴും നല്ലമുളകെന്ന് ഇപ്പോഴും പറയുന്നവരാണ് തിരുവിതാംകൂറുകാരിൽ ഏറെയും. അതുകൊണ്ടാണ് കുരുമുളക് പ്രധാന ഇനമായി വരുന്ന ഒരു കറിക്ക് നല്ലമുളക് കറി എന്ന് അവർ പേരിട്ടത്. പ്രസവരക്ഷാ ഔഷധമായി ഡോക്ടർമാർ നല്ലമുളക് കറി ഉണ്ടാക്കി കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ മുതൽ പ്രസവ ശേഷം വയർ ചുരുങ്ങാനുള്ള ഒറ്റമൂലിയായി വരെ നല്ലമുളക് കറിയെ കാണുന്നവരുണ്ട്.
പ്രസവരക്ഷാക്കറി മാത്രമായല്ല മാസത്തിൽ ഒരു ദിവസം ഈ കറി നിർബന്ധമാക്കുന്ന വീടുകളുണ്ട്. ശരീര താപം നിലനിർത്താനുള്ള ഒരു ഉപാധി കൂടിയാണ് ഈ കറി. മാത്രമല്ല, ജലദോഷം, തുമ്മൽ, പൊടിമൂലമുള്ള അലർജി, തലവേദന, തണുപ്പ് കൂടുമ്പോൾ ഉണ്ടാകുന്ന സന്ധിവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ നല്ലമുളക് കറി വളരെ നല്ലതാണ്. ജലദോഷത്തിനു ചുക്കുകാപ്പി കുടിക്കുന്നതുപോലെതന്നെ ഗുണപ്രദമാണ് കറിയായ രസം കുടിക്കുന്നതും. കുരുമുളക് ശരീര താപം ഉയർത്തുന്നു എന്നുള്ളതാണ് അതിലെ ശാസ്ത്രീയത.
നല്ലമുളക് കറിക്കു വേണ്ട ചേരുവകൾ ∙
തേങ്ങ – 1 (ചിരകിയത്) ∙
ഉണങ്ങിയ കുരുമുളക് – ഒരു കൈ ∙
വെളുത്തുള്ളി – അഞ്ച് അല്ലി ∙
മുളക് പൊടി – ഒരു വലിയ സ്പൂൺ ∙
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ ∙
കുടംപുളി – 2 അല്ലി ∙
ചെറിയ ഉള്ളി – 50 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്) ∙
ചേന അല്ലെങ്കിൽ പച്ചക്കായ (ചെറുതായി നിറുക്കിയത്) – ഒരു കപ്പ്ളി ∙
വെളിച്ചെണ്ണ – 2 വലിയ സ്പൂൺ ∙
ഉപ്പ് – പാകത്തിന് ∙
കടുക് – ഒരു നുള്ള് ∙
കറിവേപ്പില – അഞ്ച് ഇതൾ
പാചകം ചെയ്യുന്ന വിധം ∙ ചിരകിയ തേങ്ങയും കുരുമുളകും വെളുത്തുള്ളിയും ഒരുമിച്ചിട്ട് ചീനച്ചട്ടിയിൽ നന്നായി മൂപ്പിച്ചെടുക്കുക.
∙ ഈ മിശ്രിതം നന്നായി പൊടിച്ചെടുക്കുകയും ശേഷം മല്ലിപ്പൊടിയും മുളക് പൊടിയും ചേർക്കുക.
∙ഇതിലേക്ക് ഉപ്പും കുടംപുളിയുടെ സത്തും വെള്ളവും ചേർത്തു കലക്കിയെടുക്കുക. ഈ അരപ്പ് മാറ്റിവയ്ക്കുക.
∙ ശേഷം ചെറുതായി അരിഞ്ഞ ഉള്ളിയും ചേന അല്ലെങ്കിൽ പച്ചക്കായയും വേവിക്കുക. ഇതു നന്നായി വെന്തുകഴിയുമ്പോൾ വെളിച്ചെണ്ണയിൽ വരട്ടിയെടുക്കണം.
∙ നേരത്തെ തയാറാക്കിവച്ചിരിക്കുന്ന അരപ്പും വരട്ടിയെടുത്ത ചേന അല്ലെങ്കിൽ പച്ചക്കായ കഷണങ്ങളും ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക.
∙ ഈ മിശ്രിതം അടുപ്പത്തുവച്ച് തിളപ്പിക്കുക. നന്നായി തിളച്ചാൽ വാങ്ങിവയ്ക്കാം.
Post Your Comments