ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും പ്രധാനമന്ത്രി ചെലവഴിക്കും. 18,19 തീയതികളില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും.
ഇരുരാജ്യങ്ങളിലേയും സന്ദര്‍ശനത്തിന് ശേഷം ഈ മാസം 20-ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 16ന് വൈകുന്നേരം സ്റ്റോക്‌ഹോമില്‍ മോദിയെത്തും. 17ന് സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും പ്രധാനമന്ത്രി ലോഫനുമായും കൂടിക്കാഴ്ച നടത്തും. സ്വീഡിഷ് ബിസിനസ് തലവന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി മോദി സ്വീഡനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഇന്ത്യ-നോര്‍മാഡിക് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദി തുടര്‍ന്ന് ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, നോര്‍വെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രത്യേക ഉഭയകക്ഷിയോഗം നടത്തും. സന്ദര്‍ശനത്തില്‍ വൈദഗ്ധ്യ വികസനം,ആരോഗ്യപരിചരണം, സൈബര്‍ സുരക്ഷ, നവീകരണം, പരമ്പരാഗത വൈദ്യശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യുകെ സിഇഒമാരുടെ ഫോറവും നടക്കും. 19നും 20നും സിഎച്ച്‌ഒജിഎമ്മില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
Post Your Comments