തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധം. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാദര്‍ ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്ക് നഷ്ടപ്പെട്ട തുക ഉത്തരവാദികളായവര്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തില്‍ ആരോപണ വിധേയനായ മാത്യു മണവാളനെ കഴിഞ്ഞ ദിവസം സഭാ നേതൃത്വം മാറ്റിയിരുന്നു. സംഭവത്തില്‍ തീരുമാനമാകുന്നത് വരെ പ്രതിഷേധം തുടരാനാണ് വിശ്വാസികളുടെ തീരുമാനം.
പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊരട്ടി മുത്തി പള്ളിയില്‍ കാണിക്കയായി ലഭിച്ച ആറേക്കാല്‍ കിലോ സ്വര്‍ണം വിറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 82,46,510 രൂപയാണ് പള്ളി കണക്കില്‍ വരവ് വച്ചത്. വില്‍പന നടത്തിയ 2015 ജൂണിലെ സ്വര്‍ണ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വിശ്വാസികളുടെ ആരോപണം. കൊരട്ടി മുത്തിയെ അണിയിക്കാന്‍ ഇടവകയിലെ ഒരു വിശ്വാസി സംഭാവന നല്‍കിയ പതിനഞ്ചു വളകളും ഒരു കൊന്തമാലയും ലോക്കറിലുണ്ടായിരുന്നു. പക്ഷേ, ലോക്കറിലുള്ള വളകള്‍ സ്വര്‍ണമല്ലെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പള്ളിയുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാതെ പിന്‍മാറില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.
Post Your Comments