ന്യൂഡൽഹി: യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ എൻജിനീയറിംഗ് ഉദ്യോഗസ്ഥർ, രണ്ട് ചാർട്ടേട് അക്കൗണ്ടന്‍റുമാർ എന്നിവർക്കെതിരേയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
മുംബൈയിലെയും ഡൽഹിയിലെയും ബാങ്കിന്‍റെ ശാഖകളിൽ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. അരുണ്‍ കൗൾ യൂകോ ബാങ്കിന്‍റെ ചെയർമാൻ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. കേസുമായി ബന്ധമുള്ള എല്ലാവരെയും സിബിഐ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദി കുടുങ്ങിയിരുന്നു. പിഎന്‍ബിയിലെ 13000 കോടിയുടെ വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 5000 കോടി എന്‍ഫോഴ്‌സ്‌മെന്റ്കണ്ടെത്തി. നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയും 5000 കോടി തട്ടിയെടുത്തെന്ന് കണ്ടെത്തിയിരുന്നു. 40 ഓളം വ്യാജക്കമ്പിനികള്‍ ഉണ്ടാക്കിയാണ് അവര്‍ ഇത്രയും പണം തട്ടിയത്. വായ്പ്പ എടുത്ത് ആ പണം ഏതാനും കമ്പനികളില്‍ നിക്ഷേപിച്ച് അവിടെ നിന്ന് വിദേശത്തെ കമ്പിനികളിലേക്ക് മാറ്റുകയായിരുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും വായ്പ്പാ തട്ടിപ്പ് നടന്നു . ചെന്നൈയിലെ ജ്വല്ലറി ഗ്രൂപ്പായ കനിഷ്‌ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എസ്.ബി.ഐയില്‍ നിന്ന് 824.15 കോടി രൂപതട്ടിയെടുത്തെന്നായിരുന്നു പരാതി. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 14 ബാങ്കുകളടങ്ങുന്ന കണ്‍സോഷ്യമാണ് ഇക്കാര്യത്തില്‍ സി.ബി.ഐയെ സമീപിച്ചിരിക്കുന്നത്. ബാങ്കുകളുടെ പരാതിയില്‍ സി.ബി.ഐ കേസെടുത്തു. ജ്വല്ലറി ഉടമകള്‍ മൗറിഷ്യസിലേക്ക് കടന്നെന്നാണ് കരുതുന്നത്.
എസ്.ബി.ഐയെ കൂടാതെ പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, യൂകോ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയാണ് തട്ടിപ്പിന് ഇരയായത്. ഈ തട്ടിപ്പുകളുടെ ഒന്നും അന്വേഷണം ഇതുവരെ എവിടെയും എത്തിയില്ല എന്നതാണ് വാസ്തവം.
Post Your Comments