കൊച്ചി : പോലീസ് കസ്റ്റഡിയിൽ വെച്ച് ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് രംഗത്ത്. ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര് പോലീസിനോട് പറഞ്ഞിട്ടില്ലെന്നും രണ്ടാമത്തെ മൊഴി എടുത്തപ്പോൾ ശ്രീജിത്തിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയാം എന്നുമാത്രമാണ് മൊഴി നൽകിയതെന്നും വിനീഷ് പറഞ്ഞു.
ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ വച്ച് കണ്ടിട്ടില്ല. ബോബനേയും ശരത്തിനേയും മാത്രമാണ് സ്‌റ്റേഷനില്‍ വെച്ച് കണ്ടതെന്നും വിനീഷ് പറയുന്നു. പൊലീസ് രേഖപ്പെടുത്തിയ വിനീഷിന്റെ മൊഴി കൃത്രിമമാണെന്നാണ് ഇതോടെ തെളിയുന്നത്.
മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.
വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. ആളുമാറിയാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മുമ്പും വെളിപ്പെടുത്തിയിരുന്നു.
Post Your Comments