ഷാര്‍ജ ; കൗമാരക്കാർക്കായി കടയില്‍ ആയുധങ്ങൾ വിറ്റ ഉടമ പിടിയിൽ. വൻ ആയുധശേഖരവും ഇവിടെ നിന്നും പിടികൂടി. എമിറേറ്റിലെ ഒരു കടയിലാണ് സംഭവം. മൂർച്ചയുള്ള കത്തി, വാൾ, ഇലക്ട്രിക് വടികൾ തുടങ്ങിയ ആയുധങ്ങളാണ് നഗരസഭാ റെയ്ഡിലൂടെ പിടികൂടിയതെന്ന് ഷാർജ മുനിസിപാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുറൈഫി പറഞ്ഞു.
ലൈസൻസില്ലാതെ കടയിൽ ആയുധങ്ങൾ വിൽപന നടത്തിയിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെനിന്ന് വിൽപന നടത്തിവന്ന ആയുധങ്ങൾ എമിറേറ്റിലെ സമൂഹത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കും വിധം കത്തിക്കുത്തുകൾക്കും മറ്റ് അക്രമ സംഭവങ്ങൾക്കും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
14 മുതൽ 26 വരെ വയസുള്ള കൗമാരക്കാരും യുവാക്കളും ഉൾപ്പെട്ട ഒട്ടേറെ അക്രമപ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ റിപ്പോർട് ചെയ്തിട്ടുള്ളതായി അൽ തുറൈഫി പറയുന്നു. ഇത്തരത്തിൽ അനധികൃതമായി ആയുധം കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനധികൃതമായി ആയുധങ്ങൾ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 993 എന്ന നമ്പരിൽ മുനിസിപാലിറ്റിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also read ;സ്വർണത്തിൽ നിർമ്മിച്ച സ്യൂട്ടും ടൈയും ഷൂവും; വിവാഹസൽക്കാരത്തിന് വരനെത്തിയ വീഡിയോ കാണാം
Post Your Comments