തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഈ പുണ്യസങ്കേതത്തെക്കുറിച്ച് കൂടുതല്‍ അറിയാം. തൃശ്ശൂർ ജില്ലയിലാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.
കോകസന്ദേശ കാവ്യത്തില്‍ 34 മുതല്‍ 37 വരെയുള്ള ശ്ലോകങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെപ്പറ്റി പറയുന്നുണ്ട്. അതിലെ സൂചനകള്‍ ഇങ്ങനെ .. അന്നതിന് ഗുരുവായൂരെന്ന പേരില്ല.ഗുരുപവനപുരവുമല്ല, പിന്നെയോ വെറും കുരുവായൂരുമാത്രം. വിഗ്രഹം വിഷ്ണുവിന്റേതാണ്. എന്നാല്‍ ഇന്ന് ശ്രീകൃഷ്ണക്ഷേത്രം എന്നാണ് പ്രസിദ്ധി. ശ്രീകൃഷ്ണന്‍ മഹാവിഷ്ണുവിന്റെ അവതാരമാണല്ലോ. ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ വാസുദേവനും ദേവകിയും പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്ക് കൊണ്ടുവന്ന് പൂജിച്ചു. കാരണം മുന്‍ഗാമികള്‍ പൂജിച്ച് തന്റെ കുലത്തിന് സര്‍വ ഐശ്വര്യങ്ങളും നല്‍കിയ മംഗള വിഗ്രഹമാണ് എന്നത് തന്നെ.
യദുവംശം നാശത്തിലേയ്ക്ക് കടക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണത്തിന് തയ്യാറെടുക്കുകയും ചെയ്തു. അതായത് കലികാലത്തിന്റെ ആരംഭമായി. ഇതോടെ ഭഗവാന്‍ തന്റെ സാന്നിധ്യം ആ വിഗ്രഹത്തിലേയ്ക്ക് സന്നിവേശിച്ചു. വിഷ്ണുവിഗ്രഹം ശ്രീകഷ്ണവിഗ്രഹമായി അറിയപ്പെട്ടു. ഭക്തനായ ഉദ്ധവരെ വരുത്തി വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തു.
പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായാണ് ഭക്തര്‍ കണക്കാക്കുന്നത്. കര്‍ണാടകസംഗീതത്തിനും കഥകളിക്കും കൃഷ്ണനാട്ടത്തിനും പേരുകേട്ട ഗുരുവായൂര്‍ ക്ഷേത്രം നിരവധി ഭക്തരുടെ അത്ഭുത കഥകള്‍കൊണ്ടും പ്രശസ്തമാണ്.
Post Your Comments