KeralaLatest NewsNews

കശുവണ്ടി, മത്സ്യമേഖലകളില്‍ സാമ്പത്തിക സാങ്കേതിക സഹകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം : കശുവണ്ടി, മത്സ്യമേഖലകളിലേക്ക് യു.എന്‍ വിമന്റെ സാമ്പത്തിക സാങ്കേതിക സഹകരണം തേടി കേരളാ സര്‍ക്കാര്‍. ഈ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ ക്ഷേമത്തിനായാണ് സർക്കാർ സഹായം തേടിയത്. സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയായ യുഎന്‍ വിമന്‍ന്റെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ഫിഷറീസ്,കശുവണ്ടി വ്യവസായ വകുപ്പ്മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തി.

ആഫ്രിക്കയില്‍ യു.എന്‍ വിമെന്‍ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രുപ്പുകളെയും സ്വയം സഹായ സംഘങ്ങളെയും കശുവണ്ടി സംഭരണ സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു.

രാജ്യാന്തര തലത്തില്‍ മൂല്യാധിഷ്ഠിത വിതരണ ശൃംഖല കെട്ടിപ്പെടുക്കുന്നതിന് സഹായകമായ നടപടികള്‍ യോഗത്തിന്റെ ഭാഗമായി ഉണ്ടാകും. വര്‍ഷത്തില്‍ പരമാവധി തൊഴില്‍ ദിനങ്ങളും മെച്ചപ്പെട്ട ആനുകുല്യങ്ങളും ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമമെന്ന് മന്ത്രി യു,എന്‍ പ്രതിനിധികളെ അറിയിച്ചു.

കേരളത്തിലെ 222 മത്സ്യ ഗ്രാമങ്ങളിലെ സ്റ്റാഫ് വനിതാ സംഘങ്ങളുടെ എണ്ണം 17,482 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 924 സ്വയം സഹായ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മത്സ്യ വില്‍പ്പനയിലും അനുബന്ധ പ്രവൃത്തികളിലും ഏര്‍പ്പെടുന്ന സ്ത്രീ തൊഴിലാളികളുടെ വരുമാനത്തില്‍ കൂട്ടായ്മകളിലുടെ വര്‍ധനവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കശുവണ്ടി,മത്സ്യ മേഖലകളെ സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ കൊല്ലം ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് 2017 ജൂണില്‍ അഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ സ്ഥാനപതിമാരെ പങ്കെടുപ്പിച്ച് നടന്ന കാഷ്യു കോണ്‍ക്ലേവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

80 രാജ്യങ്ങളിലായി 64 ദശലക്ഷം യു എസ് ഡോളറിന്റെ വനിതാ ശാക്തീകരണ പദ്ധതികള്‍ യു എന്‍ വിമന്‍ ഏറ്റെടുത്തിട്ടുള്ളതായി സംഘടനയുടെ ഏഷ്യാ പസഫിക് സീനിയര്‍ പ്രോഗ്രാം അഡൈ്വസര്‍ എ.എച്ച് മോംജുറല്‍ കബീര്‍ പറഞ്ഞു. യു എന്‍ വിമന്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ഫണ്ട് മാനേജര്‍ നാന്‍സി കീവിസ് വിവിധ രാഷ്ട്രങ്ങളിലെ പദ്ധതികള്‍ വിശദീകരിച്ചു.

യുഎന്‍ വിമന്‍ ഇന്ത്യ കണ്‍ട്രി ഓഫീസിന് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. യു എന്‍ ഡി പി, യുനിഡോ എന്നീ യു.എന്‍ സംവിധാനങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിന് ശ്രമിക്കും. കുടിക്കാഴ്ചയില്‍ യുഎന്‍ പ്രതിനിധി സജി തോമസ്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോം ലാല്‍ , കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് , എ.ഡി.സി (ജനറല്‍) വി. സുദേശന്‍ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button