ആലപ്പുഴ : ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയുടെ അപകട മരണം സംബന്ധിച്ച് പൊലീസ് ഉന്നത തല അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടല്‍ കേസിലെ പ്രധാന സാക്ഷിയായ ഗോപിനാഥ പിള്ളയുടെ അപകട മരണത്തില്‍ പല ഭാഗങ്ങളില്‍ നിന്നു സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കഴിഞ്ഞ 11നു ദേശീയപാതയില്‍ വയലാറില്‍ വാഹനാപടത്തില്‍ പരുക്കേറ്റ ഗോപിനാഥന്‍ പിള്ള കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു വെള്ളിയാഴ്ചയാണു മരിച്ചത്.
മരണത്തില്‍ ദുരൂഹതയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഗോപിനാഥന്‍ പിള്ളയുടെ അഹമ്മദാബാദിലെ അഭിഭാഷകന്‍ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അപകടത്തിനു ശേഷം വാഹനങ്ങളിലൊന്നു നിര്‍ത്താതെ പോയെന്നു പരിസരവാസികള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസിനു സംശയം ഉയര്‍ന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി ചാലക്കുടിയില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ദേശീയ തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കേസ് ആയതിനാലും ഉത്തരേന്ത്യയില്‍ പല കേസുകളിലും സാക്ഷികള്‍ അപകടത്തില്‍ മരിക്കുന്നതിനാലും ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. ഗോപിനാഥ പിള്ളയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ഏറ്റുമുട്ടല്‍ കേസിലെ അഭിഭാഷകന്‍ ഷംഷദ് പഠാന്‍ പറഞ്ഞു. പ്രാണേഷ് കുമാര്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിവരം നല്‍കുന്ന ആളായിരുന്നുവെന്ന ഗോപിനാഥന്‍ പിള്ളയുടെ മൊഴി പ്രധാനമാണ്.
പിള്ളയുടെ മരണത്തിലൂടെ സിബിഐയുടെ പ്രധാന സാക്ഷിയാണു നഷ്ടപ്പെടുന്നതെന്നും ഷംഷദ് പഠാന്‍ പറഞ്ഞു. അതേ സമയം അപകടത്തില്‍ ദുരൂഹതയില്ലെന്നു പിള്ളയുടെ സഹോദരന്‍ മാധവന്‍ പിള്ള പറഞ്ഞു. മാധവന്‍ പിള്ള ഓടിച്ച കാറില്‍ കൊച്ചിയില്‍ ചികിത്സയ്ക്കു പോകുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചയോടെ താമരക്കുളത്തെ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയുടെ സംസ്‌കാരം നടത്തി. ഗോപിനാഥന്‍പിള്ളയുടെ അപകടവാര്‍ത്തയറിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ പ്രാണേഷിന്റെ ഭാര്യ സജീതയും മകന്‍ അബുബക്കറും സംസ്‌കാരചടങ്ങില്‍ ഉടനീളം പങ്കെടുത്തു.
ആര്‍.രാജേഷ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എം.ലിജു, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കെ.രാഘവന്‍, മുന്‍ എംഎല്‍എ കെ.കെ.ഷാജു, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത തുടങ്ങി ഒട്ടേറെ പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.ഗോപിനാഥന്‍പിള്ളയുടെ അപകടമരണത്തില്‍ ദുരൂഹതയുള്ളതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മകന്‍ തീവ്രവാദിയല്ലെന്നു തെളിയിക്കുന്നതിനു വേണ്ടി ബിജെപിയുടെ ദേശീയനേതാക്കളെ പ്രതിയാക്കി നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന ഗോപിനാഥപിള്ളയുടെ മരണം സ്വാഭാവിക അപകടമരണമായി കാണാന്‍ കഴിയില്ല. വിശദമായ അന്വേഷണം നടത്തി ദുരൂഹതയ്ക്കു പരിഹാരം കാണണമെന്ന് ആര്‍.രാജേഷ് എംഎല്‍എയും ആവശ്യപ്പെട്ടു.
അപകടം ഇങ്ങനെ
ഗോപിനാഥന്‍ പിള്ള സഞ്ചരിച്ച കാറിന്റെ പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്നു മീഡിയന്‍ കടന്നു നാലുവരിപ്പാതയുടെ എതിര്‍ഭാഗത്തെ ട്രാക്കില്‍ എത്തിയ കാറില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു അപകടം. സംഭവ സമയത്ത് എട്ടു വാഹനങ്ങള്‍ അപകടസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇതില്‍ നാലു വാഹനങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. രണ്ടു മിനി ലോറികള്‍, ടാങ്കര്‍ ലോറി, കാര്‍ എന്നിവ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments