കേരളാ ബ്ലാസ്റ്റേഴ്‌സിലെ മുന്‍ സൂപ്പര്‍ താരവും നിലവില്‍ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിന്റെ മുന്നണിപ്പോരാളിയുമായ മുഹമ്മദ് റഫീഖിനെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്‌സി. അടുത്ത ഐഎസ്എല്ലിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് റഫീഖിനെ മുംബൈ സ്വന്തമാക്കുന്നത്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ മിലാന്‍ സിംഗ്, ബിപിന്‍ സിംഗ്, സുഭാശിഷ് ബോസ്, സൗവിക്ക് ചക്രബര്‍ത്തി എന്നിവരേയും മുംബൈ ടീം സ്വന്തമാക്കിയിരുന്നു.
2014ലെ ഐഎസ്എല്‍ ഫൈനലില്‍ എടികെയ്ക്ക് വേണ്ടി നേടിയ വിജയ ഗോളോടെയാണ് റഫീഖ് പ്രശസ്തനാവുന്നത്. തൊട്ടടുത്ത സീസണിലും അവര്‍ക്കൊപ്പം കളിച്ച താരം 2016ല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ഐ ലീഗ് ടീമായ ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു താരം കളിച്ചത്. കൊല്‍ക്കത്തന്‍ ജേഴ്‌സിയില്‍ ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കാതെ വന്നത് റഫീഖിനെ ടീം വിടാന്‍ പ്രേരിപ്പിച്ചു. അഞ്ച് ഐ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ റഫീഖ് ആദ്യ ഇലവനില്‍ ഇടം പിടിച്ചത്.
2016ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം പിടിച്ച റഫീഖ് 10 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്. അടുത്ത വര്‍ഷം മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് 2019ലെ ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയാണ് റഫീഖിന്റെ ലക്ഷ്യം.
Post Your Comments