KeralaLatest NewsNews

ആലപ്പുഴയിൽ വീണ്ടും ഹൌസ് ബോട്ട് അപകടം : ഇത്തവണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്രയ്‌ക്കെത്തിയ ആന്ധ്ര സ്വദേശികളുടെ മകനായ അഞ്ചുവയസ്സുകാരന്‍ അഭിജിത്ത് കായലില്‍ മുങ്ങി മരിച്ചു. ഹൗസ് ബോട്ടിന്‌റെ താഴെ തട്ടില്‍ നിന്നു വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഇന്നലെ രാത്രിയില്‍ ഒന്‍പതോടെ ചുങ്കം കിഴക്ക് പൊലീസ് ഔട്ട് പോസ്റ്റിനു സമീപമായിരുന്നു അപകടം. വിവരം അറിഞ്ഞയുടന്‍ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും സമീപത്തെ മറ്റൊരു ഹൗസ് ബോട്ടിലെ തൊഴിലാളികള്‍ കുഞ്ഞിനെ മുങ്ങിയെടുത്തു.

ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തുദിവസം മുന്‍പു സമാനമായ അപകടത്തില്‍ മഹാരാഷ്ട സ്വദേശികളുടെ ഒന്നരവയസ്സുകാരിയായ കുഞ്ഞ് മുങ്ങി മരിച്ചിരുന്നു. ഹൗസ് ബോട്ട് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു അപകടം. ലൈഫ് ജാക്കറ്റ് ധരിപ്പിച്ചില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വിനോദ സഞ്ചാരികളുള്‍പ്പെടെ ആയിരക്കണക്കിനു ആളുകളാണ് ഓരോ വര്‍ഷവും ആലപ്പുഴയില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്.

യാത്രയ്‌ക്കെത്തുമ്പോള്‍ സുരക്ഷിത യാത്രയ്ക്കു വേണ്ട സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നു ആക്ഷേപമുണ്ട്. ഇതിനു വേണ്ട അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊന്നും കായല്‍ ടൂറിസം മേഖലയില്‍ ഇല്ല. നീന്തലറിയാത്തവരായ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെയാണ് ഹൗസ് ബോട്ടില്‍ നിയമിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ 15 അടി താഴ്ച്ചയും അല്ലാത്ത ഇടങ്ങളില്‍ 25 അടിയോളം ആഴവുമാണുള്ളത്. നീന്തല്‍ അറിയുന്നവര്‍ക്ക് പോലും ഇവിടം അപകടകരമാണ്.

കായലില്‍ തന്നെ മണ്ണെടുത്തു കുഴിയായ സ്ഥലങ്ങളില്‍ ഇതിലേറെ ആഴവും ചുഴിയും ഉണ്ടാവും. നീന്തലറിയാത്തവര്‍ വെള്ളത്തിലേക്കോ കയങ്ങളിലേക്കോ പെട്ടുപോയാല്‍ ഉയര്‍ന്നുവരാന്‍ പോലും കഴിയില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button