എനിക്കൊന്നും പറയാനില്ല…ഒന്നും; വിശദീകരണവുമായി നടന്‍ പൃഥ്വിരാജ്

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ്‌ പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ വ്യക്തമാക്കുന്നു. ഫേസ് ബുക്ക് കുറിപ്പിലാണ് കശ്മീരില്‍ എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ എന്തുകൊണ്ടാണ് ഇതുവരെയും പ്രതികരിക്കാത്തതെന്നു താരം വ്യക്തമാക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ് ബുക്ക് കുറിപ്പ്

‘ആസിഫ വിഷയത്തില്‍ നിങ്ങളില്‍ നിന്ന് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു രാജുവേട്ട’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ഇന്‍ബോക്‌സില്‍ മെസേജുകളായും ടൈം ലൈനില്‍ കമന്റുകളായും ഈ ആവശ്യം വന്നു നിറയുന്നുണ്ട്. ഞാനെന്തു പ്രതികരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എട്ടുവയസ്സുമാത്രം പ്രായമുള്ള ആ കുഞ്ഞിനെ അവര്‍ ബന്ദിയാക്കി കൊണ്ടു പോയി ദിവസങ്ങളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തെന്നും. ഒടുവില്‍ ക്രൂരമായിതന്നെ കൊലപ്പെടുത്തിയതും തെറ്റാണെന്നോ ? അതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റാണെന്നോ? ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്, അതുകൊണ്ട് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതില്ല എന്ന് പറയുന്നത് തെറ്റാണെന്നോ? അതോ ഇതിനെ വര്‍ഗീയവത്കരിക്കുന്നതും മതത്തിന്‍റെ നിറം ചാര്‍ത്തുന്നതും തെറ്റാണെന്നോ ? അതേ ആ കുട്ടിയുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തി ഇലക്ട്രല്‍ ബോക്സ് ഓഫീസില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണെന്നാണോ ഞാന്‍ പറയേണ്ടത്. അത് പറയേണ്ട ആവശ്യമുണ്ടോ? എനിക്കൊന്നും പറയാനില്ല…ഒന്നും.

ആസിഫയുടെ അച്ഛന്‍ ചെയ്തിരുന്നത് പോലെ തന്നെ, രാവിലെ ഉറക്കമുണരുമ്പോള്‍ എന്‍റൊപ്പവും ഒരു പെണ്‍കുഞ്ഞുണ്ട്. ഒരച്ഛന്‍ എന്ന നിലയില്‍ എനിക്ക് പേടിയാണ്…ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് അറിയാം അവളുടെ അമ്മയും പേടിച്ചിരിക്കുകയാണെന്ന്. നിങ്ങളെ പോലെ തന്നെ ഞാനും ഒരു ഇന്ത്യക്കാരനാണ്…ഞാനും ലജ്ജിച്ചിരിക്കുകയാണ്. അതിലും ഭയപ്പെടുത്തുന്ന വസ്തുത എന്താണെന്നാല്‍ നമ്മള്‍ ഈ നാണക്കേടിനോട് പൊരുത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് നമുക്ക് നാണക്കേടാണ്…

Share
Leave a Comment