തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മോഹനദാസ് ചാനലിന്റെ ന്യൂസ് അവറിൽ ആവശ്യപ്പെട്ടു. ശ്രീജിത്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ്.
ഇവർക്ക് നിർദേശം നൽകിയ ഉന്നതോദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ് ന്യൂസ് അവറിൽ ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴും അതിന് ശേഷവും പൊലീസ് സ്വീകരിച്ച നടപടികൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. നിയമസഹായം ലഭ്യമാക്കാതിരുന്നതും ബന്ധുക്കളെ കാണാൻ അനുവദിക്കാതിരുന്നതും ഇതിന്റെ തെളിവാണ്.
സ്റ്റേഷനിൽ ഇന്ന് നടത്തിയ തെളിവെടുപ്പിൽ പല രേഖകളും കാണാനായില്ല. കമ്പ്യൂട്ടറില്‍ കണ്ട വാസുദേവന്റെ മകന്റെ ആദ്യത്തെ മൊഴിയിൽ ശ്രീജിത്തിന്റെ പേരുണ്ടായിരുന്നില്ല. ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതിരുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments