തിരുവനന്തപുരം: കശ്മീരിലെ കത്വയില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതായി കുമ്മനം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
ഇത് ഇരയെ അപമാനിക്കലാണെന്നും , നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും സംഭവത്തിന് വര്‍ഗ്ഗീയ നിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നു വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ലെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണെന്നും തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതു മൂലം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനും സര്‍ക്കാരിനായെന്നും പൊലീസ് അലംഭാവം കൊണ്ടു മാത്രം നിരവധി കുറ്റവാളികള്‍ മാന്യന്‍മാരായി വിലസുന്ന കേരളത്തിന് ഇതൊരു പാഠമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments