‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ മോഹൻലാൽ സിനിമയ്‌ക്ക് സ്റ്റേ നൽകിയ എഴുത്തുകാരൻ കലവൂർ രവികുമാർ. മോഹൻലാൽ എന്ന ചിത്രത്തിന് നൽകിയ സ്റ്റൈ പിൻവലിച്ചതിനെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഥയ്ക്ക് പ്രതിഫലമായി അഞ്ചുലക്ഷം രൂപ സ്വീകരിച്ചാണ് ചിത്രത്തിന്റെ പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രനിര്‍മ്മാണത്തിനു മുന്‍പുതന്നെ ഫെഫ്ക ഇൗ വിഷയത്തില്‍ തീര്‍പ്പു കല്‍പിച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ചതോടെയാണ് തനിക്ക് നീതിലഭിച്ചത്. ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന എന്റെ കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ചിത്രത്തിനുപയോഗിച്ചത് എന്നാണ് താൻ കോടതിയെ ബോധിപ്പിച്ചതെ ന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ കഥയും എതിര്‍കക്ഷി സമര്‍പ്പിച്ച ചിത്രത്തിന്റെ തിരക്കഥയും വായിച്ചാണ് കോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. കഥയുടെ കാതല്‍ മടി കൂടാതെ വിപുലമാക്കി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് വിധി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
മോഹന്‍ലാലും ഞാനും
മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ കേസ് പിന്‍വലിച്ചതറിയാമല്ലോ. കഥയ്ക്ക് പ്രതിഫലമായി അഞ്ചുലക്ഷം രൂപ സ്വീകരിച്ചാണ് ഞാന്‍ ചിത്രത്തിന്റെ പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിലെത്തിയത്.
ചിത്രനിര്‍മ്മാണത്തിനു മുന്‍പുതന്നെ ഫെഫ്ക ഇൗ വിഷയത്തില്‍ തീര്‍പ്പു കല്‍പിച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ചതോടെയാണ് എനിക്ക് നീതിലഭിച്ചത്. ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന എന്റെ കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ചിത്രത്തിനുപയോഗിച്ചത് എന്നാണ് ഞാന്‍ കോടതിയെ ബോധിപ്പിച്ചത്.
ഇൗ കേസില്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണന്‍ നടത്തിയ പതിനൊന്നു പേജ് വിധിയിലെ അഞ്ചാം പേജിലെ രണ്ടാം ഖണ്ഡികയാണ് എനിക്കു ജീവിതത്തിലെ ഏറ്റവും വലിയ സാന്ത്വനമായത്. ബഹുമാനപ്പെട്ട കോടതി പറയുന്നു: I feel that crux of the short story has been unhesitatingly adopted and exaggerated in movie Mohanlal. എന്റെ കഥയും എതിര്‍കക്ഷി സമര്‍പ്പിച്ച ചിത്രത്തിന്റെ തിരക്കഥയും വായിച്ചാണ് കോടതി ഇൗ വിധി പ്രസ്താവിച്ചിട്ടുള്ളത്. കഥയുടെ കാതല്‍ മടി കൂടാതെ വിപുലമാക്കി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു, എന്ന്.
വിധിപ്രസ്താവത്തിലെ പേജ് നമ്പര്‍ 7 ല്‍ മൂന്നാം ഖണ്ഡികയില്‍ കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു: തിരക്കഥയിലെ 4, 19, 26, 55, 164, 175, 205, 208പേജുകളില്‍ കഥയുടെ ഘടകങ്ങള്‍ തിരക്കഥയില്‍ വിപുലമാക്കിയിരിക്കുന്നു. ഇതിനു ഒരു വിശദീകരണവുമില്ല എന്നും ഇതു പ്രഥമദൃഷ്ട്യാ തെളിവാണെന്നും കോടതി അടിവരയിട്ടു പറയുന്നു. ഇതൊക്കെയാണ് ചിത്രം സ്റ്റേ ചെയ്യാനുള്ള സാഹചര്യം. ഇത് എന്നെ പോലെയുള്ള എഴുത്തുകാര്‍ക്കെല്ലാം പാഠമാണ്. നമ്മുടെ കഥകള്‍ മോഷ്ടിക്കപ്പെടുമ്പോള്‍, നമുക്കു കോടതികള്‍ അഭയമാണ്. കോപ്പിറൈറ്റ് ആക്ടിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് നമുക്കു പോരാടാം. ഒരെഴുത്തുകാരനും ചൂഷണം ചെയ്യപ്പെടരുത്. അവന്റെ ചിന്തകള്‍ വേണം, അവനെ വേണ്ട എന്ന നിലപാടു ശരിയല്ലല്ലോ. സത്യത്തില്‍ എല്ലാ എഴുത്തുകാര്‍ക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു ഇത്.
ഇൗ കോടതി വിധിയില്‍ ജഡ്ജി എന്റെ അഭിഭാഷകന്‍ കെ. എന്‍. പ്രശാന്തിന്റെ നിരവധി വാദങ്ങള്‍ ശരിവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നേവരെ ഉണ്ടായ 165 ഒാളം കോപിറൈറ്റ് വയലേഷന്‍ കേസുകള്‍ മുഴുവന്‍ പഠിച്ചാണ് ഇൗ യുവാവ് കോടതിയില്‍ എതിര്‍പക്ഷത്തെ നാല് ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരെ ഒറ്റയ്ക്കുനിന്ന് പോരാടിയത്. നമുക്ക് സത്യമുണ്ടെങ്കില്‍ എന്തിനു ഭയക്കണം എന്ന് ഇടയ്ക്കിടെ പ്രശാന്ത് എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
ബഹുമാനപ്പെട്ട കോടതിയ്ക്കു മുമ്പിലും കൃത്യമായി കേസ് പഠിച്ച ഉജ്ജ്വലമായി വാദിച്ച കെ. എന്‍. പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ മുന്‍പിലും ഞാന്‍ കൈകൂപ്പുന്നു. അപമാനിതനായ ഒരു എഴുത്തുകാരന്‍ ആത്മാവു കൊണ്ടാണ് ഇങ്ങനെ കൈകൂപ്പുന്നത്.
ഇൗ പ്രശ്നങ്ങളിലെല്ലാം എന്റെ ഒപ്പം നിന്ന ചിലരുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.കെ.സാജന്‍, പ്രസിഡന്റ് എസ്. എന്‍. സ്വാമി, വ്യാസന്‍ എടവനക്കാട്, കലൂര്‍ ഡെന്നീസ് തുടങ്ങിയവര്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍, ഗിരീഷ് വൈക്കം, ബി. രാകേഷ് എന്നീ സന്മനസ്സുകള്‍. വ്യക്തിപരമായി ആക്ഷേപിക്കപ്പെട്ടപ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ച ജോളി ജോസഫ് എന്ന ഹൃദയാലുവായ കൂട്ടുകാരന്‍.
വീണുപോകുന്നവരെ ആരും താങ്ങുകയില്ല എന്നാരാണ് പറഞ്ഞത്. ഇൗ ലോകം മുഴുവന്‍ ഇരുട്ടാണെന്ന് ആരാണ് പറഞ്ഞത്? കോടതിയും പ്രശാന്തും ജോളിയും ഒക്കെ എന്റെ പ്രകാശമാണ്.
റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രം ആ മഹാനടന്റെ പെരുമയ്ക്കൊത്തതാകട്ടെ. എന്റെ കൂടി പ്രാര്‍ത്ഥനകള്‍. ആശംസകള്‍. നന്ദി
Post Your Comments