കത്വ: ജമ്മു കാശ്മീരിലെ കത്വവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും. കൊല്ലപ്പെട്ട പെണ്‍കുട്ടി ആസിഫയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയായ ദീപിക എസ് രാജവത്തിനോട് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകരില്‍ നിന്നും ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണി ഉണ്ടായതായി ദീപിക എസ്. രജാവത്ത് വെളിപ്പെടുത്തി.
പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അഭിഭാഷകയ്ക്ക് നേരെ വിലക്കും ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്. കാശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ദീപിക വെളിപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്, എനിക്ക് സംരക്ഷണം തന്നാല്‍ ഞാന്‍ തന്നെ കേസ് വാദിക്കും-ദീപിക പറഞ്ഞു.
നാടോടിഗോത്രമായ ബഖര്‍വാല്‍ സമുദായത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയായിരുന്നു ആസിഫ ബാനു. ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്ന് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം. ജനുവരി പത്തിന്, മേയ്ക്കാന്‍ വിട്ടിരുന്ന കുതിരകളെ തിരിച്ചുകൊണ്ടുവരാനായി കാട്ടില്‍ പോയപ്പോഴാണ് ആസിഫയെ കാണാതായത്. കുതിരകള്‍ തിരിച്ചെത്തിയെങ്കിലും ആസിഫ തിരികെയെത്തിയില്ല.
ഇതേത്തുടര്‍ന്ന് ആസിഫയുടെ അച്ഛന്‍ യൂസഫ് പുജ്വല അയല്‍വാസികളെയും നാട്ടുകാരെയുംകൂട്ടി തെരച്ചില്‍ തുടങ്ങി. ടോര്‍ച്ചുകളും കോടാലികളുമായി അവര്‍ ഉള്‍ക്കാടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആസിഫയെ കണ്ടെത്താനായില്ല. ജനുവരി 12 ആയപ്പോഴാണ് പൊലീസിനെ അവര്‍ വിവരമറിയിച്ചത്. ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിക്കാണും എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
പൊലീസ് അന്വേഷണം ദുര്‍ബലമായിരുന്നതിനെത്തുടര്‍ന്ന് ബക്കര്‍വാള്‍ സമുദായത്തില്‍നിന്ന് പ്രതിഷേധമുയര്‍ന്നുതുടങ്ങി. ഇതേത്തുടര്‍ന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെക്കൂടെ അന്വേഷണത്തിനായി നിയമിച്ചു. അതിലൊരാളായ ദീപക് ഖജൂരിയ എന്ന ഉദ്യോഗസ്ഥന്‍ കേസിലെ മുഖ്യപ്രതികളിലൊരാളാണ്. അഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് ആസിഫയുടെ മൃതശരീരം കണ്ടെടുത്തത്. ആസിഫ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു; കൂടാതെ കാലുകളൊടിഞ്ഞ നിലയിലായിരുന്നു. നഖങ്ങള്‍ കറുത്തനിറമായി മാറിയിരുന്നു. ദേഹമാസകലം നീലയും ചുവപ്പുമായ പാടുകളും ദൃശ്യമായിരുന്നു.
ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.
Post Your Comments