KeralaLatest NewsNews

കേരളത്തില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഏഴ് സ്ഥലങ്ങളിലേയ്ക്ക് വിമാന യാത്ര

കണ്ണൂര്‍: കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഒരുക്കുന്ന കേന്ദ്രപദ്ധതി(ഉഡാന്‍) അനുസരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതല്‍ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള നിബന്ധന മറ്റ് സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ മുംബൈയിലേക്ക് ഇളവുണ്ടാകില്ല. മുംബൈ അടക്കം എട്ട് നഗരങ്ങളാണ് ഉഡാന്‍ പദ്ധതിയിലുള്‍പ്പെടുന്നത്.

ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിന്‍ഡന്‍, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കില്‍ സര്‍വീസുണ്ടാകുക. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും. പദ്ധതിയനുസരിച്ച് സര്‍വീസ് നടത്താന്‍ കരാറൊപ്പിട്ട കമ്പനിയുടേതല്ലാതെ മറ്റ് വിമാനങ്ങള്‍ ഈ സെക്ടറില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്. കണ്ണൂരില്‍നിന്ന് മുംബൈ വഴി രാജ്യാന്തര സര്‍വീസ് നടത്താന്‍ പല കമ്പനികളും തയ്യാറായിട്ടുണ്ട്. മുംബൈ സര്‍വീസ് ഉഡാന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാല്‍ ഇതിന് തിരിച്ചടിയാകും. അതിനാല്‍, സര്‍ക്കാരും കിയാലും മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി സര്‍വീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ സര്‍ക്കാരുമായി ധാരണയിലെത്തി. 22 റൂട്ടുകളിലേക്ക് ഈ കമ്പനികള്‍ സര്‍വീസ് നടത്തും. വിമാനത്തിലെ മുഴുവന്‍ സീറ്റും കുറഞ്ഞ നിരക്കിലായിരിക്കില്ല. 37മുതല്‍ 40 സീറ്റുവരെയാണ് ഇത്തരത്തില്‍ അനുവദിക്കുക. ബാക്കി സീറ്റുകളില്‍ അപ്പോഴത്തെ നിരക്കനുസരിച്ച് മുഴുവന്‍ തുകയും യാത്രക്കാര്‍ നല്‍കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button