ന്യൂഡൽഹി: എസ്‌സി/എസ്‌ടി നിയമത്തിൽ മാറ്റം വരുത്തിയത് അടിയന്തിരമായി പിൻവലിക്കണെമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നിയമ നിർമ്മാണം സുപ്രീം കോടതിയുടെ ചുമതലയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. കോടതിയുടെ തീരുമാനം രാജ്യത്തിന് കനത്ത നാശനഷ്ടമാണുണ്ടാക്കിയതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കഴിഞ്ഞ മാർച്ച് 20 നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഉടനടി അറസ്റ്റ് ചെയ്യുന്നതിനെതിരെ കോടതി വിധി പറഞ്ഞത് .
പരാതി ലഭിച്ചാലുടൻ ആളുകളെ അറസ്റ്റ് ചെയ്യുന്നതിൽ തിരുത്തൽ വരുത്തണമെന്നും അന്വേഷണത്തിനു ശേഷം അറസ്റ്റുണ്ടായാൽ മതിയെന്നുമായിരുന്നു കോടതിയുടെ നിർദ്ദേശം. നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്നത് തടയാനാണിതെന്നായിരുന്നു കോടതിയുടെ വിശദീകരണം. നിയമം ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത്തരമൊരു വിധി പാസാക്കിയത്.
എന്നാൽ ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു . വിധിയിൽ പ്രതിഷേധിച്ച് രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുകയും ഏപ്രിൽ 2 ന് ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ ആളുകൾ കൊല്ലപ്പെടുകയും സ്വത്തുവകകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.
Post Your Comments